നടന്‍ നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി


ഹൈദരാബാദ്: തെലുങ്ക് നടന്‍ നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം. നാഗാര്‍ജുനയുടെ പപ്പിറെഡിഗുഡയിലുള്ള ഫാംഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കേശംപെത് പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് ഫാംഹൗസ് ഉള്‍പ്പെടുന്നത്. മജതദേഹത്തിന് ആറ് മാസത്തോളം പഴക്കമുണ്ടെന്നാണ് പൊലിസ് വിലയിരുത്തല്‍. ആത്മഹത്യ ചെയ്തതാകാം എന്നും പൊലിസ് പറയുന്നു.
ബുധനാഴ്ച കൃഷിസ്ഥലത്തെത്തിയ ഫാംഹൗസ് ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.പാപ്പിറെഡിഗുഡയില്‍ 40 ഏക്കര്‍ സ്ഥലത്താണ് നാഗാര്‍ജുനയുടെ ഫാം ഹൗസ്. ഏതാനും നാളുകള്‍ക്ക് മുന്‍പാണ് താരം ഇവിടെ സ്ഥലം വാങ്ങുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന ഭൂമിയാണ് ഇത്. കൃഷിക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ നാഗാര്‍ജുന നിര്‍ദേശിച്ചതനുസരിച്ചാണ് ജോലിക്കാര്‍ ഫാംഹൗസിലെത്തിയത്.




Sharing is Caring