ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ 16കാരന്‍ പിടിയില്‍


ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ എം എസ് ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ 16കാരന്‍ പിടിയില്‍. ഗുജറാത്തിലെ മുന്ദ്ര സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയാണ് പിടിയിലായത്. ധോണിയുടെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ താന്‍ ഭീഷണി സന്ദേശമിട്ടിരുന്നുവെന്ന് വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറഞ്ഞു.


ധോണിയുടെ മകള്‍ക്കെതിരായ ഭീഷണി സംബന്ധിച്ച് റാഞ്ചി പൊലീസാണ് കേസെടുത്തിട്ടുള്ളത്. ഭീഷണി കമന്‍റിട്ട വിദ്യാര്‍ഥിയെ കുറിച്ച് അന്വേഷിക്കാന്‍ റാഞ്ചി പൊലീസാണ് ഗുജറാത്ത് പൊലീസിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥി പിടിയിലായി. വിദ്യാര്‍ഥിയെ റാഞ്ചി പൊലീസിന് കൈമാറുമെന്ന് കച്ച് എസ്പി സുരഭ് സിങ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് കേസെടുത്തത്.


കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തോറ്റത്തിന് പിന്നാലെയാണ് ധോണിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. എന്നാല്‍ ഇത്തവണ കൊച്ചുകുഞ്ഞിനെ പോലും വെറുതെ വിടാതെ, എല്ലാ പരിധിയും ലംഘിച്ചുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്.



Sharing is Caring