ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സംവിധാനമില്ലേയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കാനും നിയന്ത്രിക്കാനും സംവിധാനമില്ലേയെന്ന് കേന്ദ്ര
സർക്കാരിനോട് സുപ്രീംകോടതി. സംവിധാനമുണ്ടാക്കിയില്ലെങ്കിൽ പുറത്തുള്ള ഏജൻസിയെ ഏല്പിക്കുമെന്നും കോടതി. നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് മൂന്ന് ആഴ്ച സമയം അനുവദിച്ചു.ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അനുകൂല നിലപാട് പ്രകടമാക്കിയുള്ള സുപ്രീംകോടതി പരാമർശം.രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാക്കിയത് തബ്ലീഗ് ജമാഅത്തെ സമ്മേളനമാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് നിർണായകമായ
സുപ്രീംകോടതി പരമാർശം. തബ്ലീഗ് കേസിൽ കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലം തൃപ്തികരമായിരുന്നില്ല.
സഭവത്തിൽ കേബിൾ ടി വി ആക്ട് പ്രകാരമുള്ള നടപടി പോലും വിശദീകരിക്കാതെയായിരുന്നു കേന്ദ്ര സത്യവാങ്മൂലം. തുടർന്നാണ് വിദ്വേഷപരവും വ്യാജവുമായ വാർത്തകൾ പരിശോധിക്കാൻ സംവിധാനമില്ലേയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞത്.

സംവിധാനം ഉണ്ടായിരുന്നെങ്കിൽ തബ്ലീഗ് കേസിൽ ഉണ്ടായത് പോലുള്ള വിദ്വേഷ പ്രചരണങ്ങളിൽ ഇടപെടാൻ കഴിയുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. കേബിൾ ടി വി ആക്ട് പ്രകാരം സംപ്രേഷണം തടയാൻ സാധിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി.

എന്നാൽ കോടതി തൃപ്തരായില്ല. കേന്ദ്ര സത്യവാങ്മൂലത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള സംവിധാനത്തിന്റെ കാര്യത്തിൽ ഒന്നും പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് കേന്ദ്രത്തിന് സംവിധാനം ഇല്ലെങ്കിൽ അങ്ങനെ ഒന്നുണ്ടാക്കൂയെന്ന് നിർദേശം നൽകിയത്.

കേന്ദ്രത്തിന് അധികാരമുണ്ടെന്നിരിക്കെ എൻബിഎസ്എ പോലുള്ള സ്വകാര്യ ഏജൻസികളെ എന്തിന് ചുമതല ഏൽപ്പിക്കണം. സർക്കാർ സംവിധാനം ഇല്ലെങ്കിൽ പുറത്തുള്ള ഏജൻസികളെ ഏല്പിക്കാൻ നിർബന്ധിതമാകുമെന്നും കോടതി വ്യക്തമാക്കി. മറുപടി നൽകാൻ കേന്ദ്രസർക്കാർ സാവകാശം തേടി. വിഷയത്തിൽ മൂന്നാഴ്ചക്കകം നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *