ദുരിതബാധിതര്‍ക്കായി ശേഖരിച്ച അരിയും സാധനങ്ങളും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൂഴ്‌‌ത്തി


കോഴിക്കോട് : പ്രളയക്കെടുതി നേരിട്ട ദുരിതബാധിത കുടുംബങ്ങള്‍ക്ക് നല്‍കാനായി ശേഖരിച്ച ചാക്ക് കണക്കിന് അരിയും മറ്റ് അവശ്യവസ്‌തുക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടിച്ചുമാറ്റി സ്വകാര്യഗോഡൗണില്‍ പൂഴ്‌‌ത്തിവെച്ചു. എം ഐ ഷാനവാസ് എം പി യുടെ നേതൃത്വത്തില്‍ ശേഖരിച്ച അരിയുള്‍പ്പെടെയുള്ള സാധനങ്ങളാണ് എം പി യുടെ വിശ്വസ്‌തരായ കോഴിക്കോട് മുക്കത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൂഴ്‌ത്തിയത്.


യൂത്ത് കോണ്‍ഗ്രസ് മുക്കം മണ്ഡലം പ്രസിഡന്റിന്റെ മുക്കംകുറ്റിപ്പാലയിലെ സ്വകാര്യ ഗോഡൗണിലാണ് സാധനങ്ങള്‍ പൂഴ്‌‌ത്തിവെച്ചത്. വിവരമറിഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുറ്റിപ്പാലയിലെ ഡൗണിലേക്ക് മാര്‍ച്ച് നടത്തി സാധനങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് എസ് ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ മുക്കം പൊലീസ് സാധനങ്ങള്‍ പിടിച്ചെടുത്തു.


പ്രളയാനന്തര പുനരുജീവനത്തിനായി നാടെങ്ങും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടന്നുക്കൊണ്ടിരിക്കെയാണ് പാവപ്പെട്ട ദുരിതബാധിതര്‍ക്ക് ഭക്ഷണം നല്‍കാനായി പലരും സൗജന്യമായി നല്‍കിയ ചാക്ക് കണക്കിന് അരി കോണ്‍ഗ്രസ് നേതാക്കള്‍ അടിച്ചു മാറ്റിയത്. എം പി യുടെ വിശ്വസ്‌തരായ പ്രാദേശിക നേതാക്കള്‍ തന്നെ സാധനങ്ങള്‍ പൂഴ്‌ത്തിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.



Sharing is Caring