കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എടവണ്ണയിലും ഉരുള്‍പൊട്ടല്‍. താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരാള്‍ മരിച്ചു. അബ്ദുല്‍ സലീമിന്‍റെ മകള്‍ ദില്‍ന(9)യാണ് മരിച്ചത്. ഇവിടെ 12 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. അബ്ദുല്‍ സലീമിന്‍റെതടക്കം രണ്ട് കുടുംബത്തിലെ അംഗങ്ങളെയാണ് കാണാതായത്. പലരും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. ഇവരില്‍ രണ്ടുപേരെ പുറത്തെടുത്തു. മരിച്ച ദില്‍നയുടെ സഹോദരനാണ് മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്ത ഒരാള്‍. കൂട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കട്ടിപ്പാറയില്‍ നാല് വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയിട്ടുണ്ട്. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമരശ്ശേരി വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വയനാട് ചുരത്തിലെ ഗതാഗതവും താറുമാറായിട്ടുണ്ട്. വയനാട് പൊഴുതന ആറാം മയിലില്‍ രണ്ടുപേര്‍ മണ്ണിനടിയില്‍ കുടങ്ങിക്കിടക്കുന്നതായി വിവരമുണ്ട്.














