‘ദിലീപ് കേരളത്തിന് അപമാനം’; അമ്മ പിരിച്ചുവിടണമെന്ന് ചെന്നിത്തല; സുനിക്ക് മനുഷ്യക്കടത്തുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് പി.ടി തോമസ്

നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപ് കേരളത്തിനും മലയാള സിനിമ ലോകത്തിനും അപമാനമാണ് വരുത്തിവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താര സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതേസമയം, കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നും പിടി തോമസ് എംഎല്‍എ. ഇതന്വേക്ഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് രേഖാമൂലം കത്തുനല്‍കിയെന്നും പിടി തോമസ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിലൂടെ ദിലീപ് കേരള സമൂഹത്തോട് ചെയ്ത ഏറ്റവും വലിയ തെറ്റാണ് പുറത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തെ പോലൊരു നടന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കൃത്യമാണ് ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു. ദിലീപിന്റെ അറസ്റ്റില്‍ കേരള പൊലീസിന് അഭിമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇതിലെ പ്രധാന ക്രെഡിറ്റ് സഹ തടവുകാര്‍ക്ക് നല്‍കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

നടന്‍ ദിലീപ് കേരളത്തിനും മലയാള സിനിമയ്ക്കും അപമാനമുണ്ടാക്കിയിരിക്കുകയാണ്. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മ ഉടനടി പിരിച്ചുവിടണം. ഈ സംഘടന ഒരു കാര്യവും കൊണ്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ് എന്നിവര്‍ക്ക് തല്‍സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു
.
രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്

കേരളാ പൊലീസിന് അഭിമാനിക്കാന്‍ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലുള്ള എല്ലാ പ്രമാദമായ കേസുകളും തെളിയിക്കുന്നതില്‍ കേരള പൊലീസ് എന്നും സാമര്‍ഥ്യം കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പ്രശംസിച്ചു. പക്ഷേ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി ചെന്നിത്തല വിമര്‍ശിച്ചു.

‘’കേസിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന തെറ്റായിരുന്നു. കേസന്വേഷണം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഒരിക്കലും അത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. ഇത് ശരിയായ നടപടിയല്ല. നാളെ എങ്കിലും പിണറായി വിജയന് ഇതൊരു പാഠമാകട്ടെ’’ ചെന്നിത്തല പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *