ദിലീപിനെ സഹോദരനെപോലെ വിശ്വസിച്ചുപോയി: മുകേഷ്


നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടനും എം.എല്‍.എയുമായ മുകേഷ് രംഗത്ത്. ദിലീപ് പറഞ്ഞത് സത്യമെന്നു കരുതി സഹോദരനെ പോലെ വിശ്വസിച്ചുപോയെന്ന് മുകേഷ് പറഞ്ഞു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നു. എന്നാല്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതിന്റെ പേരിലാണ് അയാളെ ഒഴിവാക്കിയത്. അയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ യോഗത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് സംസാരിച്ചതിന് ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും ഷോക്കിലാണ് ,സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കില്ലന്നും മുകേഷ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി വിളിപ്പിച്ചതനുസരിച്ച് എത്തിയ മുകേഷ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.


അമ്മ വാര്‍ഷിക യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് സ്വീകരിച്ച നിലപാട് ഏറെ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരുന്നു. മുകേഷിന്റെ വീടിനു പൊലിസ് സുരക്ഷ ശക്തമാക്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.



Sharing is Caring