ദിലീപിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് സ്‌കൈപ്പ് വഴി; ജയിലിലെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം തകരാറില്‍


നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കും. ആലുവ സബ്ജയിലിലാണ് ദിലീപ് ഇപ്പോഴുളളത്. നടന്റെ റിമാന്‍ഡ് കാലാവധി ഇന്നാണ് അവസാനിക്കുന്നത്. കോടതിയിലേക്ക് ദിലീപിനെ കൊണ്ടുപോകുമ്പോഴുളള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാമെന്ന് ഇന്നലെ കോടതിയെ അറിയിച്ചത്.
ആലുവ സബ്ജയിലിലെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം തകരാറിലായതിനാല്‍ പൊലീസ് ഇതിനുളള സംവിധാനം പ്രത്യേകം ഒരുക്കും. ലാപ്‌ടോപ്പില്‍ സ്‌കൈപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാവും ദിലീപിനെ സാങ്കേതികമായി കോടതിയില്‍ പൊലീസ് ഹാജരാക്കുക. നേരത്തെ ദിലീപിനെ കോടതിയില്‍ ഹാജരാക്കിയ സമയത്തെല്ലാം വലിയ ആള്‍ക്കൂട്ടമായിരുന്നു കോടതി പരിസരത്ത് തടിച്ചുകൂടിയത്. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വാദം കേള്‍ക്കും.




Sharing is Caring