ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ 60 വര്‍ഷമായിട്ടും കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാത്തതാണ് ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നടപ്പാക്കിയതെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. കുടുംബത്തിന് വേണ്ടി മാത്രം സമര്‍പിക്കപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജ്യ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് മടിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
‘കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രം സമര്‍പ്പിക്കപ്പെട്ട പാര്‍ട്ടിയാണ്. അതിന് എങ്ങനെയാണ് രാജ്യപുരോഗതിക്കും അമേഠിയുടെ വികസനത്തിന് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ സാധിക്കുക എന്നും സ്മൃതി ഇറാനി ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ 77 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങള്‍ക്ക് വാഴക്കന്നുകള്‍ വിതരണം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നടപടിയെയും മന്ത്രി പരിഹസിച്ചു. ‘വിദേശ ഇനത്തില്‍പെട്ട വാഴക്കന്നുകള്‍ രാഹുല്‍ ഗാന്ധി ഇവിടുത്തെ കര്‍ഷകര്‍ക്ക് നല്‍കിയെന്ന് അറിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഒരു വാഴക്കന്നുപോലും നല്കാന് രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല.

ദാരിദ്ര്യം തുടച്ചുനീക്കാന്‍ കുറച്ച് വാഴകള്‍ മാത്രം വച്ചുപിടിപ്പിച്ചിട്ട് കാര്യമില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.













