തൊടുപുഴ കൂട്ടക്കൊല: എല്ലാവരെയും കൊന്നത് തലക്കടിച്ച്; പിതാവിനെയും മകനെയും കുഴിച്ചുമൂടിയത് ജീവനോടെ


വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനത്ത് നാലംഗ കുടുംബത്തിലെ എല്ലാവരെയും കൊന്നത് തലക്കടിച്ച്. പ്രതികളായ അനീഷും ലിബീഷും മദ്യപിച്ചശേഷം ജൂലൈ 29ന് രാത്രി 11ഓടെയാണ് കൃഷ്ണന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഫ്യൂസ് ഊരിയശേഷം വീട്ടിലെ ആടുകളെ മര്‍ദിച്ചു. ആടിന്റെ കരച്ചില്‍ കേട്ട് കൃഷ്ണന്‍ ഇരുട്ടില്‍ത്തപ്പി അടുക്കള വാതില്‍ തുറന്ന് പുറത്തിറങ്ങി. ഉടന്‍ അനീഷ് ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ പൈപ്പ് ഉപയോഗിച്ച് കൃഷ്ണന്റെ തലക്കടിച്ചു.


ഭര്‍ത്താവിന്റെ അലര്‍ച്ചകേട്ട് ഭാര്യ സുശീല ഇറങ്ങിവന്നു. ഇവരെയും അനീഷും ലിബീഷും ചേര്‍ന്ന് തലക്കടിച്ചുവീഴ്ത്തി. അമ്മയുടെ കരച്ചില്‍ കേട്ട് മകള്‍ ആര്‍ഷ കമ്പിവടിയുമായി വന്ന് പ്രതികളെ നേരിട്ടു. കമ്പിവടി വച്ച് അനീഷിന്റെ തലക്കടിച്ചു. അനീഷിന്റെ തലക്ക് മുറിവേറ്റു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് ആര്‍ഷയെ കീഴ്‌പ്പെടുത്തി. വായ്‌പൊത്തിയ അനീഷിന്റെ വിരല്‍ ആര്‍ഷ കടിച്ചുമുറിച്ചു. നഖമുള്‍പ്പെടെ അടര്‍ന്നുപോയിട്ടുണ്ട്. പിന്നീട് ആര്‍ഷയെ ഇരുവരും ചേര്‍ന്ന് തലയ്ക്കടിച്ചുവീഴ്ത്തി.പിന്നീട് ബെഡ് റൂമില്‍നിന്ന് പുറത്തുവന്ന മകന്‍ അര്‍ജുനെയും തലക്കടിച്ചു. എന്നാല്‍, അപ്പോള്‍ അര്‍ജുന്‍ മരിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതികള്‍ വീട് കഴുകി സ്വര്‍ണവും പണവും കൈവശപ്പെടുത്തി. ഉദ്ദേശം 20 പവന്‍ സ്വര്‍ണവും 3500 രൂപയുമാണ് അപഹരിച്ചത്.


പിറ്റേദിവസം രാത്രി നാലുപേരെയും കുഴിച്ചുമൂടാനായി എത്തി. അതുപ്രകാരം രാത്രി 10.30ന് ഇവര്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന രംഗമായിരുന്നു. വീടിനുള്ളില്‍ തലക്ക് കൈകൊടുത്ത് ലിവിങ് റൂമിലിരിക്കുകയായിരുന്നു അര്‍ജുന്‍. ഇതോടെ അര്‍ജുനെ ചുറ്റിക കൊണ്ട് തലക്കടിച്ചുവീഴ്ത്തുകയും ആയുധമുപയോഗിച്ച് കുത്തുകയും ചെയ്തു. 17 കുത്താണ് അര്‍ജുന്റെ ദേഹത്തുണ്ടായിരുന്നത്. പിന്നീടാണ് മൃതദേഹങ്ങള്‍ മറവുചെയ്തത്.

അതേസമയം, മറവുചെയ്യുമ്പോള്‍ കൃഷ്ണനും അര്‍ജുനും മരിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഇവരുടെ ശ്വാസകോശത്തില്‍നിന്ന് മണ്ണ് കണ്ടെത്തിയതാണ് ഈ സംശയത്തിന് കാരണം. തുടര്‍ന്ന് കുഴിയെടുത്ത് നാലുപേരെയും ഒരു കുഴിയില്‍ ഒന്നിനുമേല്‍ ഒന്നായി കിടത്തി മൂടുകയായിരുന്നു. കൃഷ്ണന്റെ അരയില്‍ കിടന്ന ഏലസ് മുറിച്ച് അനീഷ് വേറെ ആഭിചാരക്രിയകള്‍ നടത്തിയതായും ലിബീഷ് മൊഴിനല്‍കി. പിന്നീട് ഇവര്‍ ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളിലൂടെ കറങ്ങിനടക്കുകയായിരുന്നു. രണ്ടുപേര്‍ക്കും ഭാര്യമാരുണ്ടെങ്കിലും നിയമപരമായി വിവാഹിതരല്ലെന്നും പൊലിസ് പറഞ്ഞു.കൃത്യത്തിനുശേഷം പൊലിസ് പിടികൂടാതിരിക്കാന്‍ പ്രതികള്‍ പൂജയും മന്ത്രവാദവും നടത്തി. അനീഷിന്റെ അടിമാലിയിലെ വീട്ടില്‍ കോഴിയെ വെട്ടിയാണ് മന്ത്രവാദവും പ്രത്യേക പൂജയും നടത്തിയത്.



Sharing is Caring