തെലങ്കാനയില്‍ കെസിആറിനെ വെല്ലുവിളിച്ച്‌ രേവന്ത് റെഡ്ഡി, വേണ്ടി വന്നാല്‍ എംപി സ്ഥാനവും രാജിവെക്കും


ഹൈദരാബാദ്: കെസിആറിനെ നേരിടാന്‍ തെലങ്കാനയില്‍ പുതിയ പോരാട്ടങ്ങള്‍ക്ക് ഒരുങ്ങി കോണ്‍ഗ്രസ്. തെലങ്കാനയില്‍ വികസനങ്ങള്‍ ഒന്നുമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെങ്കില്‍ എംപി സ്ഥാനം തന്നെ രാജിവെക്കാന്‍ തയ്യാറാണെന്ന് രേവന്ത് പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഒറ്റ വാഗ്ദാനം പോലും കെസിആര്‍ പാലിച്ചിട്ടില്ലെന്ന് രേവന്ത് പറഞ്ഞു. ചന്ദ്രശേഖര റാവു ദത്തെടുത്തു ഗജവേല്‍ മണ്ഡലത്തിലെ മുഡു ചിന്തപള്ളിയിലായിരുന്നു രേവന്ത് ആരോപണങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രി ലക്ഷ്മപുര്‍, ചിന്ന മുല്‍കനൂര്‍, എന്നീ ഗ്രാമങ്ങള്‍ ദത്തെടുത്ത്, വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതൊന്നും പാലിക്കപ്പെട്ടില്ലെന്നും രേവന്ത് പറഞ്ഞു.


ഒരിടത്ത് ഉണ്ടായിരുന്ന വീടുകള്‍ ഇടിച്ച്‌ പൊളിച്ച്‌ രണ്ട് മുറി വീടുകളുണ്ടാക്കാനാണ് ശ്രമിച്ചത്. അത് പരാജയപ്പെട്ടു. ഇപ്പോള്‍ ജനങ്ങള്‍ തെരുവിലാണ് താമസിക്കുന്നതെന്നും രേവന്ത് ആരോപിച്ചു. കെസിആറിന്റെ ദളിത് ബന്ധു പദ്ധതി വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മാത്രമാണ് കെസിആറിന് ദളിത് സ്‌നേഹം. ഫലം വന്ന് കഴിഞ്ഞാല്‍ ദളിത് ബന്ധു എന്ന പദ്ധതി തന്നെ ഇല്ലാതാവും. പിന്നെ മറ്റേതെങ്കിലും വ്യാജ വാഗ്ദാനങ്ങളുമായിട്ടായിരിക്കും കെസിആറിനെ കാണുകയെന്നും രേവന്ത് പറഞ്ഞു. തെലങ്കാനയിലെ വികസനം കെസിആര്‍ പറയുന്നത് പോലെയല്ല. അത് വെറും പൊള്ളയാണ്. അതില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണ്. തെറ്റാണെന്ന് തെളിഞ്ഞാല്‍ എംപി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

online news portal

കെസിആറിന്റെ ഓരോ നയങ്ങളും തെലങ്കാനയ്ക്ക് വെല്ലുവിളിയാണ്. സാമ്ബത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം വീണുകൊണ്ടിരിക്കുന്നത്. ഓരോ വ്യക്തിയും ഒരു ലക്ഷം രൂപയുടെ കടക്കാരാണ് സംസ്ഥാനത്തെന്നും രേവന്ത് ചൂണ്ടിക്കാണിച്ചു. തെലങ്കാനയിലെ രക്തസാക്ഷികളുടെ കുടുംബത്തെ ക്രൂരമായി അവഗണിക്കുകയാണ് ചന്ദ്രശേഖര്‍ റാവു. തെലങ്കാന സമരത്തില്‍ 1200ഓളം സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും രേവന്ത് പറയുന്നു. യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങളൊന്നും തെലങ്കാനയില്‍ ഇല്ല. പാവപ്പെട്ടവരുടെ വിദ്യാഭ്യാസ അവസരങ്ങള്‍ വര്‍ധിച്ചിട്ടില്ല. എല്ലാ ഫണ്ടുകളും കെസിആര്‍ കുടുംബത്തിലേക്കാണ് പോകുന്നതെന്നും രേവന്ത് കുറ്റപ്പെടുത്തി.

തെലങ്കാനയ്ക്ക് അര്‍ഹതപ്പെട്ട വെള്ളം ആന്ധ്രയ്ക്കാണ് ലഭിക്കുന്നത്. യുവാക്കള്‍ തൊഴിലില്ലാതെ അലയുകയാണ്. ഇതിനെല്ലാം കാരണം കെസിആര്‍ ആണെന്നും രേവന്ത് പറഞ്ഞു. അതേസമയം ദളിത് മേഖലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പര്യടനം നടത്തി കൊണ്ടിരിക്കുകയാണ്. കെസിആറിനെ ഞെട്ടിക്കാനുള്ള പുറപ്പാടിലാണ് കോണ്‍ഗ്രസ്. ദളിത് ബന്ധു പദ്ധതിയെ തുറന്ന് കാണിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. രാത്രി ദളിത് മേഖലയില്‍ താമസിച്ച്‌ കൊണ്ടുള്ള പര്യടനമാണിത്. കെസിആര്‍ ദത്തെടുത്ത ഗ്രാമങ്ങളിലെ അവസ്ഥ പരിതാപകരമാണ്. ഇത് ചൂണ്ടിക്കാണിച്ച്‌ തെലങ്കാന എങ്ങനെ കെസിആര്‍ വികസിപ്പിക്കുമെന്നാണ് ചോദ്യം. ഹുസുറാബാദില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അത് പിടിക്കാനുള്ള നീക്കം കൂടിയാണ് കോണ്‍ഗ്രസ് നടത്തുന്നത്.

അതേസമയം യൂത്ത് കോണ്‍ഗ്രസിനാണ് നിര്‍ണായക ചുമതല രേവന്ത് നല്‍കിയിരിക്കുന്നത്. 20 മാസത്തിനുള്ളില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള മോഡല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് രേവന്ത് റെഡ്ഡി. പുതിയ നേതാക്കളെ അടക്കം യൂത്ത് കോണ്‍ഗ്രസ് നല്‍കും. ചന്ദ്രബാബു നായിഡു, രാജശേഖര റെഡ്ഡി, ചന്ദ്രശേഖര റാവു തുടങ്ങിയ പ്രമുഖരെല്ലാം കോണ്‍ഗ്രസില്‍ നിന്ന് പോയവരാണ്. ഇവരെല്ലാം മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു എന്ന് രേവന്ത് പറയുന്നു. അടുത്ത 20 മാസം ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന് രേവന്ത് ഉറപ്പ് നല്‍കുന്നു. ബൂത്ത് തലത്തില്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നവരെയാണ് രേവന്ത് ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തിക്കാത്ത ആരും ടിക്കറ്റ് സ്വപ്‌നം കാണേണ്ടെന്ന് രേവന്ത് സൂചിപ്പിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് ആയാല്‍ കൂടി ടിക്കറ്റ് ഉറപ്പിക്കേണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. താന്‍ പലപ്പോഴും പാര്‍ട്ടി മാറിയിട്ടുണ്ട്. എന്നാല്‍ ഒരിക്കലും ഭരിക്കുന്ന പാര്‍ട്ടിയില്‍ വ്യക്തിപരമായ നേട്ടത്തിനായി ചേര്‍ന്നിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പമാണ് ഞാന്‍ ചേര്‍ന്നിട്ടുള്ളത്. ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് എതിരെയാണ് ഞാന്‍ പടനയിച്ചിട്ടുള്ളതെന്നും രേവന്ത് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ടിആര്‍എസ്സില്‍ ചേര്‍ന്നവര്‍ക്കുള്ള മറുപടി കൂടിയാണ് രേവന്ത് റെഡ്ഡി നല്‍കിയത്.



Sharing is Caring