തെരുവു വിളക്കുകളോട് വിടപറയാന്‍ ഒരുങ്ങി ചൈന; 2022ഓടെ ചൈനയ്ക്ക് വെളിച്ചം പകരാന്‍ കൃത്രിമചന്ദ്രന്‍ എത്തും


ബെയ്ജിങ്: 2022 ഓടെ തെരുവു വിളക്കുകളോട് വിടപറയാന്‍ ഒരുങ്ങി ചൈന. നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം മൂന്ന് ‘കൃത്രിമചന്ദ്രന്‍’മാരെ സ്ഥാപിക്കാനാണ് ചൈനയുടെ നീക്കം. ഇല്യൂമിനേഷന്‍ സാറ്റ്‌ലൈറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെയ്‌ലിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.


3600 മുതല്‍ 6400 ചതുരശ്ര കിലോമീറ്റര്‍ വരെ വിസ്തൃതിയില്‍ വെളിച്ചം അനായാസം പകരാന്‍ കഴിവുള്ള ചന്ദ്രന്റെ വരവ് വര്‍ഷങ്ങളായുള്ള കണ്ടുപിടിത്തത്തിന്റെ ഫലമാണെന്നും ശാസ്ത്രലോകം അറിയിച്ചു. സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ ഭീമന്‍ ദര്‍പ്പണമുള്ള ഉപഗ്രഹങ്ങളാണ് ‘കൃത്രിമചന്ദ്രന്‍മാര്‍’. ഇതുവഴി ഭൂമിയില്‍ പതിക്കുന്ന പ്രകാശം, തെരുവ് വിളക്കുകള്‍ക്ക് പകരമാകുമെന്ന് ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.


ഭൂമിയില്‍നിന്ന് 380,000 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രന്‍ സ്ഥിതിചെയ്യുന്നത്. അതേസമയം കൃത്രിമചന്ദ്രന്‍ ഭൗമോപരിതലത്തില്‍നിന്ന് 500 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലാണ് സ്ഥിതിചെയ്യുക. പദ്ധതി നടപ്പാക്കുന്നതിലൂടെ ഊര്‍ജലാഭം സാധ്യമാകുമെന്ന് ചൈന പ്രതീക്ഷിക്കുന്നു. ചൈനയ്ക്ക് പുറമേ അമേരിക്കയും റഷ്യയും ജപ്പാനും കൃത്രിമചന്ദ്രനെ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.



Sharing is Caring