തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ ഒട്ടിച്ചു

ഗഡ്ചിരോലി: മഹാരാഷ്രയിലെ ഗഡ്ചിരോലി ജില്ലയില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ ഭീഷണി പോസ്റ്ററുകള്‍ വന്നതോടെ വനമേഖലയിലെ ഗ്രാമങ്ങളിലെ പ്രചാരണം സ്ഥാനാര്‍ത്ഥികള്‍ നിര്‍ത്തി.

പ്രദേശം പൊലീസ് വലയത്തിലാണ്. പ്രദേശത്തെ ഓരോ ചെറുകവലകളും ഗ്രാമങ്ങളും സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്. മുംബൈയില്‍ നിന്നും 950 കിലോമീറ്റര്‍ ദൂരെ ചത്തീസ്ഗഢ് സംസ്ഥാനത്തോട് ചേര്‍ന്നാണ് ഗഡ്ചിരോലി സ്ഥിതി ചെയ്യുന്നത്. കൊടുംവനത്തില്‍ ഇടവിട്ട് ആദിവാസി ഗ്രാമങ്ങളാണ്. ചെന്നാത്താന്‍ പ്രയാസമുള്ള അഹേരി അര്‍മോരി മണ്ഡലങ്ങളിലാണ് മാവോയിസ്റ്റുകളെത്തി പോസ്റ്റര്‍ പതിച്ചത്.

വോട്ടുചെയ്യാന്‍ പോയാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്. നേരത്തെ ഈ ഗ്രാമങ്ങളില്‍ മാവോയിസ്റ്റുകള്‍ ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് പൊലീസ് സുരക്ഷ കൂട്ടിയെങ്കിലും ഉള്‍ഗ്രാമങ്ങളില്‍ പ്രചാണം നടത്തുന്നത് കോണ്‍ഗ്രസും ബിജെപിയും നിര്‍ത്തി. ഉള്‍കാടുകളില്‍ പൊലീസും സിആര്‍പിഎഫും തിരച്ചില്‍ നടത്തുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ ഹെലികോപ്റ്ററുകളും സാറ്റലൈറ്റ് ഫോണും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഗഡ്ചിരോലി എസ്പി ശൈലേശ് ബല്‍ക്കാവ്‌ഡെ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *