തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് കേന്ദ്രസര്‍ക്കാര്‍ ഏകാധിപത്യ പ്രവണത തുടരുന്നു: കോടിയേരി

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പോലും സ്വാധീനിച്ച് കേന്ദ്രസര്‍ക്കാര്‍ ഏകാധിപത്യ പ്രവണത തുടരുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജനജാഗ്രതാ യാത്രയുടെ രണ്ടാംദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ച് കാസര്‍കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയുടെ പഴയ സെക്രട്ടറിയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. അദ്ദേഹത്തിന്റെ ഇംഗീതത്തിന് വഴങ്ങിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിവക്കുന്നത്. മോഡിയുടെ സമ്മതം കിട്ടിയാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന രീതിയിലേക്ക് കാര്യം മാറി. ബിജെപിയുടെ അസഹിഷ്‌ണുതാ നിലപാട് സിനിമാ സെന്‍സര്‍ ബോര്‍ഡിലേക്കും നീളുകയാണ്. തമിഴ്‌നാട്ടില്‍ വിജയുടെ സിനിമക്കെതിരായ ആര്‍എസ്എസ് പ്രതിഷേധം അവരുടെ ഫാസിസ്‌റ്റ് നിലപാടാണ് കാണിക്കുന്നത്.

യുഡിഎഫിനെ എതിര്‍ക്കുന്നത് ബിജെപി വളര്‍ത്താനെന്നുള്ള വാദം ബാലിശമാണെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഫാസിസ്‌റ്റ് ശക്തിയായ ബിജെപി ഏറ്റവും ആദ്യം എതിര്‍ക്കേണ്ട കക്ഷി തന്നെയാണ്. കോണ്‍ഗ്രസിനാണ് ബിജെപിയോട് മൃദുസമീപനമുള്ളത്. ഇന്ധനവില വര്‍ധനയുടെ കാര്യത്തില്‍ ഹര്‍ത്താല്‍ നടത്തിയത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മാത്രമാണ്. കേന്ദ്രസര്‍ക്കാരിനെതിരെയോ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലോ ഹര്‍ത്താല്‍ നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. സംസ്ഥാനത്ത് ദുര്‍ബലമാണെങ്കിലും കേന്ദ്രഭരണ കക്ഷിയായതിനാല്‍ ബിജെപിയെ ശക്തമായി നേരിട്ടെ മതിയാകൂ. കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെ പ്രതിരോധിക്കാനാകില്ല. മുമ്പ് അങ്ങനെയുണ്ടായപ്പോള്‍ ബിജെപി രാജ്യത്ത് ഒറ്റകക്ഷിയായി വളരുന്ന സാഹചര്യമാണുണ്ടായത്.

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയങ്ങള്‍ ഒന്നാണ്. കോണ്‍ഗ്രസ് അത് തിരുത്തണം. നയപരിപാടികളില്‍ യോജിപ്പുള്ള കക്ഷികളുമായി മാത്രമെ ഇപ്പോള്‍ ദേശീയതലത്തില്‍ യോജിപ്പുണ്ടാക്കാനാകൂ. സോളാര്‍ കേസില്‍ നടപടിവേണമെന്ന കാബിനറ്റ് തീരുമാനത്തില്‍ തെറ്റില്ല. അത് നടപ്പാക്കുമ്പോഴുള്ള നിയമതടസ്സം എല്ലാം ഒഴിവാക്കാനുള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ് വെപ്രാളപ്പെട്ടിട്ട് കാര്യമില്ല. കൂടുതല്‍ നിയമോപദേശം തേടുന്നത് നിയമപ്രശ്‌നം പൂര്‍ണമായും ഇല്ലാതാക്കാനാണ്. ഉന്നതനേതാക്കള്‍ക്കെതിരായ കേസാകുമ്പോള്‍ എല്ലാ നിയമനടപടികളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സോളാര്‍ സംബന്ധിച്ച കോണ്‍ഗ്രസുകാരുടെ സംശയം ഒമ്പതിന് നിയമസഭാസമ്മേളനം നടന്നുകഴിയുമ്പോള്‍ തീരും.

സോളാറിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. സുധീരന്റെ നിലപാട് അതാണ് വ്യക്തമാക്കുന്നത്. യുഡിഎഫില്‍ പടയൊരുക്കം നടക്കുന്നതിന്റെ മുന്നോടിയായാണ് അവര്‍ ‘പടയൊരുക്കം’ എന്നപേരില്‍ ജാഥ നടത്തുന്നതെന്നും കോടിയേരി പരിഹസിച്ചു. ജാഥാംഗങ്ങളെല്ലാം പരിപാടിയില്‍ പങ്കെടുത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷനായി. സെക്രട്ടറി വിനോദ് പായം സ്വാഗതം പറഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *