തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസുകള്‍: പ്രകോപന പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പ്രഗ്യാ സിങ്ങിന് ബിജെപിയുടെ നിര്‍ദ്ദേശം


ബാബറി മസ്ജിദ് തകര്‍ത്ത കര്‍സേവകരില്‍ താനുമുണ്ടായിരുന്നെന്ന് ടിവി9 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രഗ്യാ സിങ് ഇക്കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ സിങ് താക്കൂറിനെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‌തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗുണകരമല്ലാത്ത പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രഗ്യാ സിങ്ങിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍ഡിടിവിയാണ് ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഏതാണ്ട് നാല് മണിക്കൂറോളം നേരം ബിജെപി ഓഫീസില്‍ ഇവരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രകോപന പ്രസ്താവനകള്‍ക്ക് ഇതിനകം തന്നെ ഇലക്ഷന്‍ കമ്മീഷന്റെ രണ്ട് നോട്ടീസ് ലഭിച്ചിട്ടുണ്ട് പ്രഗ്യാ സിങ്ങിന്.
മാലെഗാവ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ പ്രഗ്യാ സിങ് നിലവില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാണ് ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിനായി കോടതി പരിഗണിച്ചത്. 1989 മുതല്‍ ബിജെപിയുടെ പക്കലുള്ള സീറ്റാണ് ഭോപ്പാല്‍.
മധ്യപ്രദേശിലെ ഹിന്ദു വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി ധ്രുവീകരിക്കുകയാണ് പ്രഗ്യാ സിങ്ങിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ബിജെപി ഉദ്ദേശിക്കുന്നതെന്ന് ആരോപണമുണ്ട്. കോണ്‍ഗ്രസ്സിന്റെ ദിഗ്‌വിജയ് സിങ്ങിനെയാണ് പ്രഗ്യാ സിങ് ഭോപ്പാലില്‍ നേരിടുന്നത്.
1992 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ത്ത കര്‍സേവകരില്‍ താനുമുണ്ടായിരുന്നെന്ന് ടിവി9 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രഗ്യാ സിങ് ഇക്കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതില്‍ താന്‍ അഭിമാനിക്കുന്നതായും അവര്‍ പറയുകയുണ്ടായി.




Sharing is Caring