തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയുണ്ടായാല്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍


നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയുണ്ടായാല്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഉണ്ടാകുന്ന വിവാദ തീരുമാനങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നും അതിന് താന്‍ ഉത്തരവാദിയല്ലെന്നുമാണ് അദ്ദേഹം ഹൈക്കമാന്‍ഡിനോട് വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ മദ്ധ്യത്തില്‍ നില്‍ക്കുന്നതിനിടയില്‍ ആറു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനമാണ് ഇപ്പോള്‍ അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഏറ്റവും വലിയ പ്രചരണായുധമായി സുധീരന്‍ കണ്ടുവച്ചിരുന്നത് മദ്യനയമായിരുന്നു. കഴിഞ്ഞ കെ.പി.സി.സി നേതൃയോഗങ്ങളിലും അദ്ദേഹം അത് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ ഈ തന്ത്രം വിജയം കണ്ടതായാണ് കെ.പി.സി.സിയുടെ വിലയിരുത്തല്‍. തങ്ങളുടെ പ്രചരണത്തിലൂടെ സി.പി.എമ്മിനും ഇടതുമുന്നണിക്കുമുളളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ പറയുന്നു. എന്നാല്‍ എല്ലാം ഒരു ദിവസംകൊണ്ട് സര്‍ക്കാര്‍ തച്ചുതകര്‍ത്തുവെന്നാണ് സുധീരന്റെ പരാതി. നേരത്തെ തങ്ങളുടെ ആയുധമായിരുന്ന മദ്യനയം ഇപ്പോള്‍ തിരിച്ചടിക്കുകയാണെന്ന് സുധീരപക്ഷക്കാര്‍ വിലയിരുത്തുന്നു. ബാറുടകമകളുമായി പല യു.ഡി.എഫ്, കോണ്‍ഗ്രസ് നേതാക്കള്‍ക്കുളള ബന്ധം പുറത്തുവന്നത് സാധൂകരിക്കുന്ന തരത്തിലുള്ളതാണ് ഈ തീരുമാനം. ഇതുമാത്രമല്ല, ഇത്തരത്തില്‍ ഏകദേശം 100 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുളള നീക്കം നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ കോഴയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നുവന്നാല്‍ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം കേന്ദ്രത്തെ അറിയിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പറയുന്നതുപോലെ ഇത് തിരുത്താന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇനി നയത്തില്‍ മാറ്റം സാദ്ധ്യമാവില്ല. അതിന് തെരഞ്ഞെടുപ്പ് കഴിയേണ്ടിവരും. ഇപ്പോള്‍ ബാറുകള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കാനും കഴിയില്ല. ഇത് സര്‍ക്കാരിനെയും മുന്നണിയേയും വെട്ടിലാക്കിയിരിക്കുകയാണ്.




Sharing is Caring