തുറവൂരില്‍ ആര്‍.എസ്.എസുകാരും പൊലിസും തമ്മില്‍ സംഘര്‍ഷം; എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്

വിവാഹ സ്ഥലത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകരും പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കുത്തിയതോട് എസ്.ഐ അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു .എസ്.ഐ പി അഭിലാഷ് (34) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജൂഡ് ബെനഡിക്റ്റ് ,എ.എസ്.ഐ ഗോപാലകൃഷ്ണന്‍, സിവില്‍ പൊലിസ് ഓഫീസര്‍ സജീവ് ,ആര്‍. എസ്.എസ് പ്രവര്‍ത്തകരായ പി.രാജേഷ് ,ഗിരീഷ്‌കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വളമംഗലത്തായിരുന്നു സംഭവം .കഴിഞ്ഞ ദിവസം വളമംഗലം വടക്ക് സ്വാദേശിയായ റജീഷ് എന്നയാളുടെ വീടും വാഹനവും ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ശരണിനെ ഞായറാഴ്ച പന്ത്രണ്ടോടെ വളമംഗലത്തു നിന്ന് പിടികൂടിയിരുന്നു.ഇയാളെ കുത്തിയതോട് സ്റ്റേഷനില്‍ എത്തിച്ച ശേഷം എസ്.ഐ സഹപ്രവര്‍ത്തകരായ നാലുപേര്‍ക്കൊപ്പം സിവില്‍ ഡ്രസില്‍ വളമംഗലം ബാലിക സദനത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി.

പോലീസ് വാഹനം വിവാഹ സല്‍ക്കാരം നടന്ന കോമ്പൗണ്ടില്‍ കടന്ന ശേഷം എസ്.ഐ ജീപ്പില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആര്‍.എസ്.എസ് ജില്ലാ കമ്മറ്റി അംഗമായ പി.രാജേഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ എസ്.ഐ യുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. ഈ സമയം ജീപ്പിലിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി പരിക്കേറ്റ എസ്.ഐയെ ജീപ്പിലേക്ക് മാറ്റി.തുടര്‍ന്ന് ഈ സംഘം ജിപ്പുവളയുകയും ജീപ്പിന്റെ ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയുമായിരുന്നു.

തടഞ്ഞുവെച്ച പോലീസ് സംഘത്തെ കുത്തിയതോട് സി.ഐ സജീവിന്റെ നേതൃത്വത്തിലുള്ള പോലീസെത്തി മോചിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് പരിക്കേറ്റ എസ്.ഐ യേയും പോലീസുകാരേയും തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്.ഐ യുടെ കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ട്. ഇതോടൊപ്പം പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കുത്തിയതോട് പൊലിസ് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ പൊലിസുകാരെ ആശുപത്രിയില്‍ ജില്ലാ പോലീസ് മേധാവി.എ.അക്ബര്‍ സന്ദര്‍ശിച്ചു.കൃത്യനിര്‍വഹണത്തിനെത്തുന്ന പോലീസുകാരെ അക്രമിക്കുന്നത് വെച്ചു പൊറുപ്പിക്കാനാകില്ലെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിസ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *