തീവണ്ടിക്ക് വഴി തെറ്റി; പുറപ്പെട്ടത് മഹാരാഷ്ട്രയിലേക്ക്, എത്തിയത് മധ്യപ്രദേശില്‍


തീവണ്ടിക്കും വഴി തെറ്റി. മധ്യപ്രദേശിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്നും 1500ഓളം യാത്രക്കാരുമായി മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട തീവണ്ടി 160 കിലോമീറ്ററാണ് വഴി മാറി സഞ്ചരിച്ചത്. ഒടുക്കം എത്തിയതോ മധ്യപ്രദേശിലും.


ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കിസാന്‍ യാത്രയില്‍ പങ്കെടുത്തു മടങ്ങുന്ന കര്‍ഷകരായിരുന്നു യാത്രക്കാര്‍. രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരാണ് റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയില്‍ വലഞ്ഞത്. യാത്രക്കാരില്‍ 200 പേര്‍ സ്ത്രീകളാണ്.


ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്‌റ്റേഷനിലെത്തിയിരുന്നു. വഴി തെറ്റിയത് അറിഞ്ഞയുടന്‍ ട്രെയിന്‍ അവിടെ നിര്‍ത്തിയിട്ടു.

ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ മഥുര സ്‌റ്റേഷനില്‍ നിന്നും തെറ്റായ സിഗ്‌നല്‍ ലഭിച്ചതോടെയാണ് ട്രെയിന്‍ വഴി തെറ്റിയതെന്നാണ് ഡ്രൈവര്‍ യാത്രക്കാര്‍ക്കു നല്‍കിയ വിശദീകരണം.



Sharing is Caring