തീയേറ്റര്‍ പീഡനം; സസ്‌പെന്‍ഷനിലായ എസ്‌ഐയ്ക്ക് പോക്‌സോ ചുമത്തി


മലപ്പുറം: എടപ്പാളില്‍ ചങ്ങരംകുളത്ത് തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരി ക്രൂര പീഡനത്തിന് ഇരയായ കേസില്‍ സസ്‌പെന്‍ഷനിലായ ചങ്ങരംകുളം എസ്‌ഐ കെ.ജി ബേബിക്കെതിരേയും പോക്‌സോ വകുപ്പ് ചേര്‍ത്ത് പോലീസ് കേസെടുത്തു. പീഡനത്തെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാണ് എസ്‌ഐക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 166 എ, പോക്‌സോ നിയമത്തിലെ 21, 19 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.


സംഭവത്തില്‍ തൃത്താല സ്വദേശിയായ മൊയ്തീന്‍ കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവുമായി മൊയ്തീന്‍ കുട്ടിക്ക് സൗഹൃദമുണ്ട്. ഈ ബന്ധം ഉപയോഗിച്ച്‌ പെണ്‍കുട്ടിയെയും മാതാവിനെയും സിനിമാ തീയറ്ററില്‍ എത്തിക്കുകയും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.


പോക്‌സോ വകുപ്പ് പ്രകാരമാണ് മൊയ്തീന്‍ കുട്ടിക്കെതിരെ കേസെടുത്തത്. അതേസമയം ബാല പീഡനത്തെക്കുറിച്ചുള്ള ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ നടപടി വൈകിയതിനാലാണ് ചങ്ങരംകുളം എസ്‌ഐ കെ ജെ ബേബിയെ സസ്‌പെന്‍ഡ് ചെയ്തു. പൊന്നാനി സിഐ സണ്ണി ചാക്കോ ആണ് കേസ് അന്വേഷിക്കുന്നത്



Sharing is Caring