കോയമ്ബത്തൂര്‍: തിരുച്ചി നഗരത്തിലെ ലളിത ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച നടത്തിയ മോഷണ സംഘം പിടിയില്‍. അഞ്ച് ഝാര്‍ഖണ്ഡ് സ്വദേശികളെ കോയമ്ബത്തൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ മോഷണം നടത്തിയ ജ്വല്ലറിയിലെത്തിച്ച് തെളിവെടുക്കും.
തിരുച്ചി സത്തിരം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലളിത ജ്വല്ലറിയുടെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് 50 കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ മോഷ്ടിച്ചത്. ബുധനാഴ്ച രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മൂന്നു നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഒന്നാം നിലയിലെ പിന്‍ഭാഗത്തെ ചുമരിലാണ് ദ്വാരമുണ്ടാക്കിയത്. ഷോക്കേസുകളിലും ആള്‍രൂപങ്ങളിലും മറ്റും വെച്ചിരുന്ന 100 കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് കൊള്ളയടിച്ചത്. അതേസമയം, രണ്ടും മൂന്നും നിലകളില്‍ സംഘം മോഷണശ്രമം നടത്തിയില്ല.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് രണ്ടു പേരാണ് കൊള്ള നടത്തിയതെന്നപ്രാഥമിക നിഗമനത്തിലാണ്അന്വേഷണ സംഘം തെരച്ചില്‍ ആരംഭിച്ചത്. ഇവര്‍ മുഖംമൂടികളും കൈയുറകളും ധരിച്ചിരുന്നു. കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കാറുള്ള മുഖംമൂടികളാണ് പ്രതികള്‍ ധരിച്ചത്. കൃത്യം നടത്തിയ ശേഷം മുളകുപൊടി വിതറിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
ഇൗ വര്‍ഷം തിരുച്ചിയിലെ രണ്ടാമത്തെ വന്‍ മോഷണമാണിത്. ജനുവരിയില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മൂന്നു ലോക്കറുകള്‍ കുത്തിത്തുറന്ന് 470 പവന് സ്വര്‍ണവും 19 ലക്ഷം രൂപയും കൊള്ളയടിച്ചിരുന്നു. ഇൗ കേസില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.













