താജ്മഹല്‍ നാശത്തിന്റെ വക്കീല്‍: വെണ്ണക്കല്‍ ശില്‍പ്പം പച്ചനിറമായി: കണ്ണടച്ച്‌ അധികൃതര്‍

ആഗ്ര: ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ മുഖമായി ഉയര്‍ന്നു നില്‍ക്കുന്ന, ലോകാത്ഭുതങ്ങളിലൊന്നായ പൈതൃക നിര്‍മ്മിതി താജ്മഹല്‍ നാശത്തിന്റെ വക്കില്‍. താജ്മഹല്‍ വെറുമൊരു ഓര്‍മ്മയായി മാറാതിരിക്കാന്‍ ശ്രമിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് സുപ്രീം കോടതി പറഞ്ഞു. ഇത്തവണ നടക്കുന്ന പതിനേഴാമത് കണ്‍സര്‍വേഷനില്‍ വിദഗ്ദ സംഘത്തിന്റെ മുന്‍പില്‍ ഈ പ്രശ്‌നം ചര്‍ച്ചയ്ക്ക് വെയ്ക്കും.

വെണ്ണക്കല്‍ ശില്‍പ്പമെന്നാണ് താജ്മഹലിനുള്ള വിശേഷണം എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളായി തൂവെള്ള മാര്‍ബിള്‍ മഞ്ഞ നിറത്തിലേയ്ക്കും പിന്നീട് തവിട്ട് നിറത്തിലേയ്ക്കും ശേഷം പച്ച നിറവും ബാധിച്ചു തുടങ്ങി. പ്രധാനമായും നിര്‍മ്മിതിയുടെ ഒരു വശത്താണ് കൂടുതലായും ബാധിച്ചിരിക്കുന്നത്. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിതി ഇത്രയും മോശമാകുന്നതിന് മുന്‍പ് തന്നെ താജ്മഹലിനെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജികള്‍ ലഭിച്ചിരുന്നു. പിന്നീട് 1996ല്‍ അടുത്തുള്ള ഫാക്ടറികളും, മറ്റ് മലിനീകരണങ്ങളും നിയന്ത്രിച്ച്‌ സ്മാരകം സംരക്ഷിക്കണമെന്ന് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഗവണ്‍മെന്റും, ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയും പൂര്‍ണ്ണ പരാജയമാവുകയായിരുന്നു. യമുന നദിയും പൂര്‍ണ്ണമായും മലിനപ്പെട്ടതോടെ താജ്മഹലിന്റെ നാശം കൂടുതലായി.

യമുന നദിയില്‍ വളരുന്ന ചില ചെറു ബാക്ടീരിയകള്‍ പോലും താജ്മഹലിന്റെ നിറം മങ്ങുന്നതില്‍ പ്രധാന കാരണമാണ്. താജ്മഹല്‍ സംരക്ഷിത മേഖലയില്‍ വാഹനപെരുപ്പം വന്നതും, ഫാക്ടറിള്‍ ഓരോ വര്‍ഷവും പെരുകുന്നതും വെണ്ണക്കല്‍ സൗധത്തിന് ദോഷം ചെയ്തു. ഇതോടെ തിരിച്ചെടുക്കാനാവാത്ത വിധം വെള്ളനിറം മങ്ങി.

താജ്മഹലിന് പുറമേ ഇത്തിമാദ്-ഉദ്-ദൗളയുടെ ശവകുടീരം, മെഹ്ത്താബ് ബാഗ്, ആഗ്ര കോട്ട തുടങ്ങിയ സ്മാരകങ്ങളും നാശത്തിന്റെ വക്കിലാണ്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട എട്ടാമത്തെ നഗരമാണ് ആഗ്ര. ഉടന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യയുടെ പൈതൃക സൗധങ്ങളെല്ലാം നഷ്ടമാകുമെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *