താജ്മഹല്‍ കാണാനിറങ്ങിയാല്‍ ഇനി കീശകീറും; പ്രവേശന ഫീസ് ഉയര്‍ത്തി

ദില്ലി: ലോകാത്ഭുതങ്ങളില്‍ ഒന്നാണ് താജ് മഹല്‍, പ്രണയത്തിന്റെ അനശ്വര സ്മാരകം. മരിക്കും മുന്‍പ് താജ്മഹല്‍ കാണണം എന്ന് മോഹിക്കാത്തവരില്ല. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രശസ്തരും സാധാരണക്കാരും ഇവിടേക്ക് ഒഴുകിയെത്തുന്നു. ഈ തിരക്ക് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ 17-ാം നൂറ്റാണ്ടിലെ മുഗള്‍ ഭരണകാലത്തുള്ള ശവകൂടീരം കാണാനുള്ള ഫീസ് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. താജ് മഹലിന്റെ സംരക്ഷണത്തിന് ഈ തുക വിനിയോഗിക്കുകയാണ് ലക്ഷ്യം.

ആഭ്യന്തര സഞ്ചാരികള്‍ക്കാണ് ഈ നിരക്ക് വര്‍ദ്ധന ഏപ്രില്‍ 1 മുതല്‍ നടപ്പാക്കുക. വിദേശ ടൂറിസ്റ്റുകളെ നിരക്ക് വര്‍ദ്ധനവ് ബാധിക്കില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ അറിയിച്ചു. വിദേശികളില്‍ നിന്നും നിലവില്‍ ഉയര്‍ന്ന തുക ഈടാക്കുന്നുണ്ട്. നേരത്തെ 40 രൂപയായിരുന്ന ബാര്‍കോഡുള്ള ടിക്കറ്റുകള്‍ക്ക് 50 രൂപയാകും. മൂന്ന് മണിക്കൂറാണ് ഇതിന്റെ സാധുത. പല നിറങ്ങളിലാണ് ടിക്കറ്റ് നല്‍കുക.

50 രൂപ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പ്രധാന ശവകൂടീരത്തിന് അകത്തേക്ക് പ്രവേശനം ലഭിക്കില്ല. മുഗള്‍ ഭരണാധികാരി ഷാജഹാനും, ഭാര്യ മുംതാസ് മഹലിനെയും അടക്കിയിട്ടുള്ള ഇവിടേക്ക് കടക്കാന്‍ 200 രൂപയുടെ അധിക ടിക്കറ്റ് കൂടി എടുക്കണമെന്ന് എഎസ്‌ഐ ആഗ്ര സര്‍ക്കിള്‍ സൂപ്രണ്ട് ആര്‍ക്കിയോളജിസ്റ്റ് ഭുവന്‍ വിക്രം സിംഗ് വ്യക്തമാക്കി. നിലവില്‍ ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടിയിരുന്നില്ല. ടൂറിസ്റ്റുകളുടെ എണ്ണമേറുന്നത് താജ് മഹലിന് ദോഷം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് നടപടി. താജ് മഹല്‍ കാണാനെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ നിന്നും 1250 രൂപയാണ് ഈടാക്കി വരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *