തമിഴ്നാട്ടിൽ പുതിയ സർക്കാർ രൂപവത്കരണത്തിനുളള നടപടിയാരംഭിക്കാൻ ഗവർണർക്ക് മേൽ സമ്മർദമേറി.അണ്ണ ഡിഎംകെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമിയും കാവൽ മുഖ്യമന്ത്രി പനീർസെൽവവും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.നിയമസഭാതലത്തിൽ സമഗ്ര വോട്ടിംഗിന് ഗവർണർ നിർദേശിക്കുമെന്നാണ് സൂചന.
തമിഴ്നാട്ടിൽ ഭരണ സ്തംഭനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ഗവർണർ നടപടി കൈക്കൊളളുമെന്നാണ് സൂചന.124 പേരുടെ പിന്തുണയുണ്ടെന്നാണ് പളനിസാമിയുടെ അവകാശവാദം.എന്നാൽ കൃത്യം എത്ര എംഎൽഎ മാർ ഉണ്ടെന്ന് ഇരുപക്ഷത്തിനും കൃത്യമായി ബോധ്യപ്പെടുത്താനായിട്ടില്ല.

വിശ്വാസവോട്ട് തേടാൻ ആരെ ആദ്യം ക്ഷണിക്കുമെന്നതാണ് നിർണായക ചോദ്യം.അവകാശവാദം ഉന്നയിച്ച ഇരുവരോടും നിയമസഭയിൽ വിശ്വാസ വോട്ട് തേടാൻ ഗവർണർ ആവശ്യപ്പെടുമെന്നാണ് സൂചന.സഭയിലുളള 233 അംഗങ്ങൾ വോട്ടെടുപ്പിലൂടെ മുഖ്യമന്ത്രിയെ തീരുമാനിക്കും.













