ആദായനികുതി കുടിശികയില്‍ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ലേലം ചെയ്യേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ്.മദ്രാസ് ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2026 ജനുവരി 31 വരെ പലിശ സഹിതം 20 കോടി രൂപയാണ് ജയലളിതയുടെ ബന്ധുക്കള്‍ നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളത്.
ഈ തുക അടച്ചില്ലെങ്കില്‍ തുടർനടപടിയിലേക്ക് കടക്കേണ്ടിവരുമെന്നുമാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്.നികുതി കുടിശിക ആവശ്യപ്പെട്ട് നല്‍കിയ ആദായ നികുതി വകുപ്പ് നോട്ടിസ് ചോദ്യം ചെയ്ത് ജയലളിതയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ ദീപയുടെ ഹർജിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് സി. ശരവണന് മുമ്പാകെയാണ് ആദായ നികുതി വകുപ്പിന്റെ റിക്കവറി ഓഫീസർ എസ്. അശോക് കുമാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.ജയലളിതയുടെ നിയമപരമായ അവകാശികളില്‍ ഉള്‍പ്പെട്ടവരാണ് ജെ ദീപയും ദീപകും.

600 കോടിയിലേറെ രൂപയുടെ മൂല്യമാണ് ജയലളിതയുടെ മൊത്തം സ്വത്തുക്കള്‍ക്കുള്ളത്.2025 ഓഗസ്റ്റ് 4 ന് ആദായ നികുതി വകുപ്പ് നല്‍കിയ കത്തില്‍ ആണ് ആദായ നികുതി സ്വത്ത് നികുതി കുടിശ്ശിക ഇനത്തില്‍ 13.69 കോടി രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടത്. 1990-91 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ നികുതി ഡിമാൻഡ്, പലിശ എന്നിവയിനത്തില്‍ 36.56 കോടി രൂപയാണ് നല്‍കാനുള്ളത്. ഈ വിഷയത്തില്‍ 2007 ഫെബ്രുവരി 8 ന് റിക്കവറി സർട്ടിഫിക്കറ്റ് നല്‍കിയിണ്ടായിരുന്നു എന്നും ആദായ നികുതി വകുപ്പ് പറയുന്നു.36 കോടി രൂപയായിരുന്ന നികുതി കുടിശ്ശിക പിന്നീട് 13 കോടിയായി കുറയ്ച്ചിരുന്നു. ദീപക് ഇതിനകം തന്നെ 1.17 കോടി രൂപ നല്‍കിയിട്ടുണ്ട്. നോട്ടിസുകളിലെ തുകയുടെ വ്യത്യാസം ചോദ്യം ചെയ്തും കൃത്യമായ തുക അറിയിക്കണമെന്നും ആവശ്യപ്പെട്ടാണു ദീപ കോടതിയെ സമീപിച്ചത്. ഹർജിയില്‍ ദീപയുടെ വാദം 18നു കേള്‍ക്കും.













