തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇനി അങ്കണവാടി ജീവനക്കാര്‍ക്കും മത്സരിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അങ്കണവാടി ജീവനക്കാര്‍ക്കും അവസരം. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവര്‍ക്ക് മത്സരിക്കാന്‍ ഇനി മുന്‍‌കൂര്‍ അനുമതി വാങ്ങിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവായി.

ഇതിനായി 2014 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 30 ആം വകുപ്പ് ഭേദഗതി വരുത്താനും തീരുമാനിച്ചു. ഇതേ തുടര്‍ന്ന് അങ്കണവാടി ജീവനക്കാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അയോഗ്യത നീക്കി. മത്സരിച്ചു വിജയിക്കുന്ന ജീവനക്കാര്‍ക്ക് അവധി അനുവദിക്കാനും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഭരണസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിന് ഒരു വര്‍ഷം പരമാവധി 15 ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവും അനുവദിക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ക്ക് ഭരണസമിതിയുടെ കാലാവധി തീരുന്നത് വരെ ഓണറേറിയം ഇല്ലാത്ത അവധിയും അനുവദിക്കും. ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നതിന് സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സ്‌പെഷ്യല്‍ സെക്രട്ടറി എ. ഷാജഹാന്റെ ഉത്തരവില്‍ പറയുന്നു.

പഞ്ചായത്ത് രാജ് നിയമത്തിലെ സാങ്കേതിക കുരുക്ക് കാരണം 2010 ല്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നവര്‍ ജോലി രാജിവെച്ചാണ് മത്സരിച്ചത്. ഇതുകാരണം കുറെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ജോലി രാജിവെച്ചവര്‍ക്ക് നിയമം ഭേദഗതി ചെയ്തതിനാല്‍ പുനര്‍നിയമനം നല്‍കുന്നതിനും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ ഇടയില്‍ സമ്മിശ്ര പ്രതികരണമാണ് ഈ ഉത്തരവ് ഉണ്ടാക്കിയത്. കഴിയുന്നതും മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതമെന്നാണ് അധികം പേരുടേയും അഭിപ്രായം

Spread the love

Leave a Reply

Your email address will not be published. Required fields are marked *