തട്ടിപ്പിനിരയായ ഷംനക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ “അമ്മ”


വ്യാജ വിവാഹാലോചനയിലൂടെ നടി ഷംന കാസിം തട്ടിപ്പിനിരയായ സംഭവത്തില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ താരസംഘടനയായ “അമ്മ” രംഗത്തെത്തി.നിയമനടപടികള്‍ക്ക് ആവശ്യമെങ്കില്‍ സഹായം നല്‍കുമെന്നും അമ്മ നേതൃത്വനിര അറിയിച്ചു. അതെ സമയം ഭീഷണിയുടെയും തട്ടിപ്പിന്‍റെയും വിവരം നടി ഷംന കാസിം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികള്‍ക്കെതിരെ ആരോപണവുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ മുന്നിലെത്തി.


സിനിമാ മേഖലയിലെ മറ്റൊരു നടിയെയും ഒരു മോഡലിനെയും ഇതേ പ്രതികള്‍ ബ്ലാക്‌മെയില്‍ ചെയ്തതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ .ഇവരില്‍ നിന്ന് പ്രതികള്‍ സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയുണ്ട് . ഇരുവരും പൊലീസിനെ സമീപിച്ചിട്ടുണ്ട്. പരാതികളില്‍ പൊലീസ് ഇന്ന് കേസെടുക്കും. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ലെന്നും എന്നാല്‍ പ്രതികള്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ പന്തികേട് തോന്നിയെന്നും ഷംന പറയുന്നു .


പ്രതികള്‍ നടിയില്‍ നിന്ന് 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാനായിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണെന്നും പൊലീസ് പറയുന്നു .ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞതില്‍ സംശയിച്ച്‌ വീഡിയോ കോള്‍ വിളിക്കാന്‍ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആക്കി. തുടര്‍ന്നാണ് ഭീഷണി തുടങ്ങിയതെന്നും ഷംന വെളിപ്പെടുത്തി .

അല്‍പ്പം പോലും സംശയം തോന്നാത്ത രീതിയില്‍ വളരെയധിയകം മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടത്.പല പെണ്‍കുട്ടികളെയും ചതിച്ച്‌ വലയിലാക്കുന്ന ഇക്കൂട്ടര്‍ നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപെടരുതെന്നും അത് കൊണ്ടാണ് താന്‍ പരാതിയുമായി മുന്നിട്ടിറങ്ങിയതെന്നും ഷംന തുറന്നടിക്കുന്നു .



Sharing is Caring