ഡൽഹിയിൽ വായൂമലിനീകരണം രൂക്ഷമായതിനെ തുടർന്ന് ക്ലാസ്സുകൾ ഓണ്‍ലൈനാക്കി


ഡൽഹിയിൽ വായൂമലിനീകരണം രൂക്ഷമായതിനെ തുടർന്ന് ക്ലാസ്സുകൾ ഓണ്‍ലൈനാക്കി. സുപ്രിംകോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് തീരുമാനം. ദില്ലിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുകയാണ്.മലിനീകരണ തോത് കൂടിയതും സുപ്രിംകോടതിയിൽ നിന്നുണ്ടായ വിമർശനവും കണക്കിലെടുത്താണ് 10, 12 ക്ലാസ്സുകൾ ഉൾപ്പെടെ പൂർണമായി ഓണ്‍ലൈനാക്കിയത്. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കിയിട്ടുണ്ട്.


ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളും സമാന തീരുമാനമെടുത്തിട്ടുണ്ട്. ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് സ്കൂളുകൾ അടച്ച് പഠനം ഓണ്‍ലൈനിലേക്ക് മാറിയത്.ഇന്നലെ പലയിടങ്ങളിലും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 700നും മുകളിലാണ്. കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞു.


മലിനീകരണം കൂടിയ സാഹചര്യത്തിൽ ഇന്നലെ മുതൽ ദില്ലിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് – 4 നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് സുപ്രിംകോടതി ഇന്നലെ ചോദിച്ചിരുന്നു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് – 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്ന് താക്കീത് നൽകിയിട്ടുണ്ട്.



Sharing is Caring