ഡോ. മൻമോഹൻ സിംഗിന് അന്തിമോപചാരമർപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി


മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് അന്തിമോപചാരമർപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.മൻമോഹൻ സിംഗിന്റെ ഡല്‍ഹിയിലുള്ള വസതിയിലെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ച്‌ പ്രാർത്ഥിച്ചു. സിംഗിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മോദി, തന്റെ മുൻഗാമിയുടെ വസതിയില്‍ ഏതാനും നിമിഷങ്ങള്‍ ചെലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്.


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ എന്നിവരും പ്രധാനമന്ത്രി മോദിയോടൊപ്പമുണ്ടായിരുന്നു. വസതിയില്‍ പൊതുദർശനം തുടരുകയാണ്. എഐസിസി ആസ്ഥാനത്തും പൊതുദർശനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.


പേരുകേട്ട സാമ്ബത്തിക വിദഗ്ധൻ കൂടിയായിരുന്ന ഡോ. മൻമോഹൻ സിംഗിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഡല്‍ഹിയിലേക്ക് നിരവധി നേതാക്കളാണ് എത്തുന്നത്. രാജ്യമെമ്ബാടുമുള്ള പ്രമുഖർ രാഷ്‌ട്രീയ ഭേദമന്യേ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുകയും മൻമോഹൻ സിംഗ് ഈ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ അനുസ്മരിക്കുകയും ചെയ്തു.

മുൻ പ്രധാനമന്ത്രിയുടെ വേർപാടില്‍ ആർഎസ്‌എസും അനുശോചിച്ചിരുന്നു. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും തന്റെ അനുശോചനം രേഖപ്പെടുത്തി.

കേവലമൊരു രാഷ്‌ട്രീയക്കാരനെ മാത്രമല്ല, ഒരു സാമ്ബത്തിക വിദഗ്ധനെ കൂടിയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളർന്ന് അവിടെ നിന്നും രാജ്യം കണ്ട മികച്ച സാമ്ബത്തിക വിദഗ്ധനിലേക്കും പ്രധാനമന്ത്രി പദത്തിലേക്കുമുള്ള അദ്ദേഹത്തിന്റെ യാത്ര, മൻമോഹൻ സിംഗിന്റെ പ്രതിബദ്ധതയെ ചൂണ്ടിക്കാട്ടുന്നു.

ഭാരതത്തിന് വേണ്ടി അദ്ദേഹം സ്വീകരിച്ച സാമ്ബത്തിക നയങ്ങളും ജീവിതയാത്രയിലുടനീളം അദ്ദേഹം കൈക്കൊണ്ട ലാളിത്യവും ഈ രാജ്യം എക്കാലത്തും ഓർമ്മിക്കും.- ബിജെപി നേതാവ് നയാബ് സിംഗ് സൈനി പ്രതികരിച്ചു.



Sharing is Caring