ഡേവിസ് കപ്പ് ടെന്നീസ് കിരീടം തുടർച്ചയായ മൂന്നാം തവണയും സ്വന്തമാക്കി ഇറ്റലി


ഡേവിസ് കപ്പ് ടെന്നീസ് കിരീടം തുടർച്ചയായ മൂന്നാം തവണയും സ്വന്തമാക്കി ഇറ്റലി. ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയും പാബ്ലോ കൊബോളിയും സിംഗിള്‍സ് മത്സരങ്ങളില്‍ സ്പെയിനിനെ 2-0ന് പരാജയപ്പെടുത്തിയാണ് കപ്പ് സ്വന്തമാക്കിയത്.ഇതോടെ 1971ലെ ടൂർണമെന്റിന് ശേഷം ചലഞ്ച് റൗണ്ട് നിർത്തലാക്കിക്കഴിഞ്ഞ് തുടർച്ചയായി മൂന്ന് ഡേവിസ് കപ്പ് കിരീടങ്ങള്‍ നേടുന്ന ആദ്യ രാജ്യമായും ഇറ്റലി മാറി.


ഇറ്റലിയുടെ നാലാമത്തെ ഡേവിസ് കപ്പ് കിരീടം കൂടിയാണിത്. 1976, 2023, 2024 വർഷങ്ങളിലായിരുന്നു ഇറ്റലി ഇതിനു മുന്പ് കിരീടം സ്വന്തമാക്കിയത്.ഹോം ആരാധകരുടെ ശക്തമായ പിന്തുണ ഇറ്റലിയുടെ താരങ്ങള്‍ക്ക് കരുത്തായി. ഫൈനലിലെ ആദ്യ മത്സരത്തില്‍ ഇറ്റലിയുടെ ബെറെറ്റിനി പാബ്ലോ 6-3, 6-4 സ്കോറിന് സ്പെയിനിന്റെ കരീനോ ബുസ്റ്റയെ പരാജയപ്പെടുത്തി. കൊബോളി 1-6, 7-6 (5), 7-5 സ്കോറിന് ജൗമെ മുനാറിനെയും പരാജയപ്പെടുത്തി.ആറു പ്രാവശ്യം കിരീടം സ്വന്തമാക്കിയ സ്പെയിൻ 2019ന് ശേഷം ആദ്യമായാണ് കിരീട പോരാട്ടത്തിന് ഇറങ്ങിയത്. ഇരു ടീമും പ്രധാന തരാങ്ങള്‍ ഇല്ലാതെയാണ് മത്സരത്തിനിറങ്ങിയത്.


സ്പെയിന്റെ സ്റ്റാർ പ്ലെയറും ഒന്നാം റാങ്കുകാരനുമായ കാർലോസ് അല്‍കരാസും ഇറ്റലിയുടെ യാനിക് സിന്നറും ലോറെൻസോ മുസെറ്റിയും ഇല്ലായിരുന്നു.ഇറ്റലിക്കു മുന്പ് തുടർച്ചയായി മൂന്ന് ഡേവിസ് കപ്പ് കിരീടങ്ങള്‍ നേടിയ രാജ്യം അമേരിക്കയാണ്. 1968-72ല്‍ അഞ്ച് ഡേവിസ് കപ്പ് കിരീടങ്ങള്‍ അവർ സ്വന്തമാക്കി.



Sharing is Caring