ഡാമുകള്‍ ഒന്നിച്ചു തുറന്നുവിട്ടത് പ്രളയക്കെടുതിക്ക് ആക്കം കൂട്ടിയെന്ന് ഗാഡ്ഗില്‍; ബാണാസുര ഡാം തുറന്നതില്‍ മാത്രം പാളിച്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി; ഡാമുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് കെഎസ്ഇബി


മുംബൈ: അശാസ്ത്രീയമായി ഡാമുകള്‍ ഒന്നിച്ച് തുറന്ന് വിട്ടതാണ് കേരളത്തില്‍ പ്രളയക്കെടുതിക്ക് ആക്കം കൂട്ടിയത് എന്ന് പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗില്‍. വര്‍ഷങ്ങളായി പശ്ചിമഘട്ടത്തില്‍ നടന്നു വരുന്ന ഘനന പ്രവര്‍ത്തനങ്ങളും പ്രകൃതി ദുരന്തിന്റെ ശക്തി കൂട്ടി മനുഷ്യനിര്‍മ്മിതമായ ദുരന്തത്തിനാണ് കേരളം സാക്ഷിയായതെന്നും ഗാഡ്ഗില്‍ പറഞ്ഞു.


അതിസങ്കീര്‍ണ്ണമായ പ്രക്യതിദുരന്തത്തിലൂടെയാണ് കേരളം കടന്നു പോയത്. പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളും മണ്ണിടിച്ചിലുമാണ് ദുരന്തം വരുത്തിവെച്ചതിന് പ്രധാന കാരണം. ശാസ്ത്രീയമായി ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാതെ അപ്രതീക്ഷിതമായി ഡാമുകള്‍ തുറന്ന് വിട്ടതാണ് സുരക്ഷിതമായ പല സ്ഥലങ്ങളെയും വെള്ളത്തിനടയിലാക്കിയത് ഗാഡ്ഗില്‍ പറയുന്നു.


കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധമായ പല പാറമടകളും സര്‍ക്കാര്‍ നിയമ വിധേയമാക്കുകയാണ്. ഇത് വീണ്ടും ദുരന്തമാവര്‍ത്തിക്കാന്‍ കാരണമാകും. 50 വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന തന്റെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ദുരന്തത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കുപ്പോള്‍ ശാസ്ത്രീയമായതും പ്രകൃതിക്ക് അനുയോജ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ബാണാസുര ഡാം തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്തെത്തി. മുന്നറിയിപ്പ് നല്‍കുന്നതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ മറ്റ് ഡാമുകള്‍ തുറക്കുന്നതില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും ടോം ജോസ് പറഞ്ഞു.ബാണാസുര ഡാം തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പു നല്‍കിയില്ലെന്ന് വയനാട് ജില്ലാ കലക്ടര്‍ ആരോപിച്ചിരുന്നു.

എന്നാല്‍, കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു കെ.എസ്.ഇ.ബി ചെയര്‍മാന്റെ വാദം.
ബാണാസുര അണക്കെട്ടു മുന്നറിയിപ്പില്ലാതെ തുറന്നുവെന്ന ആരോപണം കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള നിഷേധിച്ചിരുന്നു. ബാണാസുരയുമായി ബന്ധപ്പെട്ട ആരോപണം സത്യത്തിന് നിരക്കാത്തതാണ്. ഇടുക്കി തുറക്കുന്നതിനു മുമ്പ് തന്നെ ബാണാസുര തുറന്നിരുന്നു. ജലനിരപ്പ് ഉയര്‍ന്ന സമയത്ത് തന്നെ ഇതുസംബന്ധിച്ച് അറിയിപ്പു കൊടുത്തിരുന്നെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം, ഡാമുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണവുമായി എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ രാജു എബ്രഹാം രംഗത്തെത്തിയിരുന്നു. ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തില്‍ വീഴ്ച വന്നുവെന്നാണ് രാജു എബ്രഹാമിന്റെ ആരോപണം. മുന്നറിയിപ്പ് ലഭിക്കുന്നതിനു മുമ്പു തന്നെ റാന്നി വെള്ളത്തില്‍ മുങ്ങിയിരുന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍, ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്ന നിലപാടാണ് കെ.എസ്.ഇ.ബിയും സ്വീകരിച്ചത്. മുന്നൊരുക്കളെല്ലാം നടത്തിയശേഷമാണ് ഡാം തുറക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു.

ഏറ്റവും പേടിയോടെ കണ്ടത് ഇടുക്കിയേയും ഇടമലയാറിനേയുമാണ്. വ്യക്തമായ ധാരണയോടെ അലേര്‍ട്ട് ലെവലുകള്‍ ഫിക്‌സ് ചെയ്ത്, അക്കാര്യം ദുരന്ത നിവാരണ സേനയേയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചശേഷമാണ് ഡാം തുറന്നത്. അതുകൊണ്ടാണ് ദുരന്തത്തിന്റെ ആഘാതം കുറക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡാമുകള്‍ തുറക്കുന്നതിനു മുമ്പ് കൃത്യമായ മുന്നറിയിപ്പു നല്‍കിയിരുന്നെന്നാണ് സജി ചെറിയാന്‍ എം.എല്‍.എ പറയുന്നത്. എന്നാല്‍ ഡാം തുറന്നതില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നാണ് ഡാം സേഫ്റ്റി ചെയര്‍മാന്റെ നിലപാട്. കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയശേഷമാണ് ഡാം തുറന്നത്. എല്ലാതരത്തിലുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഡാം നേരത്തെ തുറന്നിരുന്നെങ്കില്‍ നെടുമ്പാശേരി നേരത്തെ അടക്കേണ്ടിവരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Sharing is Caring