ഡല്‍ഹിയില്‍ നൈജീരിയക്കാരനെ ആള്‍ക്കൂട്ടം തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു


ഡല്‍ഹിയില്‍ ആള്‍ക്കൂട്ടം നൈജീരിയക്കാരനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സൗത്ത് ഡല്‍ഹി, മാളവ്യ നഗറിലെ ഒരു വീട്ടില്‍ ഇയാള്‍ മോഷണത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. നിരവധി ആഫ്രിക്കന്‍ വിദ്യാര്‍ഥികളുള്ള മേഖലയാണിത്.


ക്രൂരമായ മര്‍ദനത്തിനു ശേഷം നൈജീരിയന്‍ പൗരനെ പൊലിസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയെങ്കിലും അക്രമികളെ പിടികൂടിയില്ല.


സെപ്തംബര്‍ 24ന് വീട്ടില്‍ ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ എന്നയാള്‍ പറഞ്ഞു.റോഡരികിലെ വിളക്കുകാലില്‍ നൈജീരിയക്കാരനെ കെട്ടിയിട്ട് മര്‍ദിക്കുന്ന മൊബൈല്‍ ദൃശ്യമാണ് ദേശീയ ചാനലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. മുളക് തയ്യാറാക്കൂവെന്നും നല്ല അടി കൊടുക്കൂയെന്നും വിളിച്ചുപറയുന്നതു വീഡിയോയില്‍ കേള്‍ക്കാം. ഒരാള്‍ കൈയ്യില്‍ പിടിച്ച് വടിയില്‍ ആഞ്ഞടിക്കുന്നതും കാണാം.

തന്നെ വിടണമെന്ന് നൈജീരിയക്കാരന്‍ കരഞ്ഞപേക്ഷിക്കുന്നുണ്ടെങ്കിലും അക്രമികള്‍ പിന്മാറാന്‍ തയ്യാറാവുന്നില്ല.

തലയ്ക്കും മുഖത്തിനും നല്ല പരുക്കേറ്റ ഇയാളെ പിന്നീട് പൊലിസെത്തി ആശുപത്രിയില്‍ കൊണ്ടുപോയി. ശേഷം ജഡ്ജിക്കു മുമ്പാകെ ഹാജരാക്കി ജയിലിലേക്കയച്ചു.



Sharing is Caring