ഡല്‍ഹിയില്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ മൂന്നു പേര്‍ ശ്വാസംമുട്ടി മരിച്ചു


അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനായി മാന്‍ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ഞായറാഴ്ചയാണ് സംഭവം. മാന്‍ഹോളില്‍ ഇറങ്ങി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടലുണ്ടായാണ് മരണം സംഭവിച്ചത്.
അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഡല്‍ഹി ജല്‍ ബോര്‍ഡ് വാടകക്കെടുത്ത തൊളിലാളികളാണ് മരിച്ചതെന്ന റിപ്പോര്‍ട്ട് ബോര്‍ഡ് നിഷേധിച്ചു. മരിച്ചവര്‍ ജല്‍ ബോര്‍ഡിന്റെ തൊഴിലാളികളല്ല. എന്നാല്‍ അധികൃതരുടെ നിര്‍ദേശമില്ലാതെ എങ്ങനെ ഈ മൂന്നു പേരും മാന്‍ഹോളിലിറങ്ങി എന്നതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജല്‍ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.


എന്നാല്‍ ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു. ആദ്യം അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനായി ഒരാള്‍ മാന്‍ഹോള്‍ വഴി ഇറങ്ങി. കുറേ സമയം കഴിഞ്ഞിട്ടും അയാളെ കാണാത്തതിനാല്‍ ജോലി കറാറെടുത്തിരുന്ന കരാറുകാരന്‍ രണ്ടമനെ ഇറക്കി വിട്ടു. അയാളെയും കാണാതായപ്പോള്‍ മൂന്നാമനോട് അന്വേഷിക്കാന്‍ പറഞ്ഞു. മൂന്നാമനേയും കാണാതായതോടെ നാലാമതൊരാളെ കയര്‍ വഴി താഴേക്കിറക്കി.


താഴെ ഇറങ്ങിയ നാലാമന്‍ ശ്വാസം കിട്ടുന്നില്ലെന്ന് നിലവിളിച്ചതിനെ തുടര്‍ന്ന് വലിച്ചു കയറ്റി. പിന്നീട് പൊലീസെത്തി മറ്റ് മൂന്നു തൊഴിലാളികളെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ചവരില്‍ ജോജിന്ദര്‍ (32), അന്നു(28) എന്നിവരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിഷവാതകം ശ്വസിച്ച നാലാമന്‍ രാജേഷ്? ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.



Sharing is Caring