ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഡല്‍ഹി ദ്വാരക സെക്ടർ പത്തിലെ ശ്രീ റാം വേള്‍ഡ് സ്കൂള്‍, സെക്ടർ നാലിലെ മോഡേണ്‍ കോണ്‍വെൻ്റ് സ്കൂള്‍, ദ്വാരക ഡല്‍ഹി പബ്ലിക്ക് സ്കൂള്‍ എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശം എത്തിയത്.
ഇമെയില്‍ വഴിയാണ് ബോംബ് ഭീഷണി എത്തിയത്. ഇതേ തുടർന്ന് സ്കൂളുകള്‍ ഇന്ന് അടച്ചിടുകയാണ് എന്ന് രക്ഷിതാക്കള്‍ക്ക് വിവരം നല്കി.
അധികൃതർ ഉടൻ തന്നെ മുൻകരുതല്‍ എന്ന നിലയില്‍ പരിസരം ഒഴിപ്പിച്ചതായി ഡല്‍ഹി ഫയർ സർവീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഇതുവരെയുള്ള അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറയുന്നു.ഇവിടങ്ങളില്‍ വിശദമായ പരിശോധന തുടരുന്നു.

കഴിഞ്ഞ മാസം, ബെംഗളൂരുവിലേയും ന്യൂ ഡല്‍ഹിയിലെയും നിരവധി സ്കൂളുകള്‍ക്ക് ഒരേ ദിവസം ബോംബ് ഭീഷണി ലഭിച്ചിരുന്നു. ജൂലൈ 18 ന് ബെംഗളൂരുവിലെ 40 സ്വകാര്യ സ്കൂളുകള്‍ക്കും ഡല്‍ഹിയിലെ 45 സ്വകാര്യ സ്കൂളുകള്‍ക്കുമാണ് ഭീഷണി ലഭിച്ചത്.













