ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ പുകമഞ്ഞിനെത്തുടർന്ന് ജനജീവിതം ദുരിതത്തിലാണ്.ഡല്‍ഹിയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച വൈകുന്നേരത്തോടെ ശക്തമായ മൂടല്‍മഞ്ഞ് നഗരത്തെ പുതച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് റെഡ് അലർട്ടായി ഉയർത്തിയത്. കാലാവസ്ഥ വ്യതിയാനം റോഡ് , റയില്‍ , വ്യോമ ഗതാഗതത്തെ ബാധിച്ചു. ഉത്തർപ്രദേശിലെ സ്കൂളുകള്‍ ജനവരി ഒന്ന് വരെ അടച്ചു.കാഴ്ചപരിധി കുത്തനെ കുറഞ്ഞത് വിമാന, റോഡ്, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലും സഫ്ദർജംഗിലും തിങ്കളാഴ്ച രാവിലെ കാഴ്ചപരിധി 50 മീറ്ററായി താഴ്ന്നു. ചില വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട് .
മറ്റു പല വിമാനങ്ങളും വൈകുന്നു. യാത്രക്കാർ എയർലൈൻ കമ്ബനികളുമായി ബന്ധപ്പെടണമെന്ന് ഡല്‍ഹി വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്. ട്രെയിനുകള്‍ വൈകി ഓടുന്നു.ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്.ഡല്‍ഹിയില്‍ വായൂ മലിനീകരണം അതി രൂക്ഷമാണ്. വായൂ ഗുണനിലവാരം മോശം അവസ്ഥയിലാണ്. വായുനിലവാര സൂചിക (AQI) 401 രേഖപ്പെടുത്തിയതോടെ നഗരം ‘അതിതീവ്ര’ വിഭാഗത്തിലായി. വസീർപൂരിലാണ് ഏറ്റവും മോശമായ വായുനിലവാരം രേഖപ്പെടുത്തിയത് (462).24 നിരീക്ഷണ കേന്ദ്രങ്ങളില്‍ വായുനിലവാരം അതിതീവ്രമായും 13 കേന്ദ്രങ്ങളില്‍ ‘വളരെ മോശം’ വിഭാഗത്തിലുമാണ്.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാള്‍, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും കനത്ത മൂടല്‍മഞ്ഞും താഴ്ന്ന മേഘാവൃതമായ അന്തരീക്ഷവുമാണെന്ന് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.ദല്‍ഹിയില്‍ തിങ്കളാഴ്ച കുറഞ്ഞ താപനില 8.3 ഡിഗ്രി സെല്‍ഷ്യസും ഉയർന്ന താപനില 22.5 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. ഇത് സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി വരെ കൂടുതലാണെങ്കിലും മൂടല്‍മഞ്ഞ് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.













