ട്രെയിന്‍ യാത്ര ലഗേജുകള്‍ക്ക് നിയന്ത്രണം ;നിര്‍ദേശിച്ച തൂക്കത്തില്‍ കൂടുതല്‍ കൊണ്ടുപോയാല്‍ ആറിരട്ടി പിഴ


ന്യൂഡല്‍ഹി: വിമാനയാത്രയ്‌ക്കെന്നതുപോലെ ട്രെയിന്‍ യാത്രയിലും കൂടെ കൊണ്ടുപോകാവുന്ന ലഗേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.പ്രത്യേക ചാര്‍ജ് നല്‍കാതെ സ്ലീപ്പര്‍ കോച്ച്‌ യാത്രക്കാര്‍ക്ക് 40 കിലോഗ്രാംവരെ ഭാരമുള്ള ബാഗ് കൂടെ കൊണ്ടുപോകാം. സെക്കന്‍ഡ് ക്ലാസ് ജനറല്‍ യാത്രക്കാര്‍ക്ക് 35 കിലോയാണ് സൗജന്യമായി കൂടെ കൊണ്ടുപോകാന്‍ അനുമതിയുള്ളത്.


ഇതിനുപുറമെ, പ്രത്യേക ചാര്‍ജ് നല്‍കി സ്ലീപ്പര്‍ ക്ലാസുകാര്‍ക്ക് പരമാവധി 80 കിലോയും ജനറല്‍ യാത്രക്കാര്‍ക്ക് 70 കിലോയുമാണ് കൊണ്ടുപോകാന്‍ കഴിയുക.കൊണ്ടുപോകുന്ന ബാഗിന്റെ വലിപ്പത്തിനും നിയന്ത്രണമുണ്ട്. ബാഗിന്റെ പരമാവധി നീളം 100 സെന്റീമീറ്റര്‍, വീതി 60 സെന്റീമീറ്റര്‍, ഉയരം 25 സെന്റീമിറ്റര്‍ എന്നിങ്ങനെയാണ് നിയന്ത്രണം.


നിര്‍ദേശിച്ച തൂക്കത്തില്‍ കൂടുതല്‍ കൊണ്ടുപോയാല്‍ ആറിരട്ടിവരെ പിഴയീടാക്കാനാണ് തീരുമാനം.
ലഗേജുകളുടെ ആധിക്യംകൊണ്ട് കംപാര്‍ട്ടുമെന്റില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യം ഇല്ലാതാക്കാനാണ് നടപടിയെന്ന് റെയില്‍വെയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.80 കിലോ ഭാരമുള്ള ബാഗുമായി സ്ലീപ്പര്‍ ക്ലാസില്‍ 500 കിലോമീറ്റര്‍ യാത്രചെയ്യുന്ന ഒരാള്‍ അധികമുള്ള 40 കിലോയുടെ നിരക്കായ 109 രൂപയടച്ച്‌ ബാഗ് ലഗേജ് വാനിലേയ്ക്ക് മാറ്റണം. കൂടുതലുള്ള ലഗേജിന് പണമടയ്ക്കാതിരുന്നാല്‍ 654 രൂപയാണ് പിഴയായി ഈടാക്കുക.

എസി ഫസ്റ്റക്ലാസ് യാത്രക്കാര്‍ക്ക് 70 കിലോയും എസി ടു ടയര്‍ യാത്രക്കാര്‍ക്ക് 50 കിലോയുമാണ് സൗജന്യമായി കൂടെകൊണ്ടുപോകാന്‍ കഴിയുക.



Sharing is Caring