ട്രംപിന് വേണ്ടി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി,


യുഎസ്; ഹൗഡി മോഡി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന മോദിയുടെ പരാമര്‍ശത്തെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎസില്‍ ത്രിദിന സന്ദര്‍ശന വേളയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.


വിദേശ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയെന്നതാണ് ഇന്ത്യയുടെ നയം. യുഎസ് രാഷ്ട്രീയത്തില്‍ നടക്കുന്നതെന്തും അതുകൊണ്ട് തന്നെ ഇന്ത്യയുടെ വിഷയമല്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല പ്രധാനമന്ത്രി അങ്ങനെ പറഞ്ഞത്. ട്രംപ് തന്നെയാണ് തന്നെ വീണ്ടും തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അതിനെ കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്. മാധ്യമങ്ങള്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു.


ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ വെച്ച്‌ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച മോദിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചിരുന്നു. മറ്റൊരു രാജ്യത്ത് പോയി അവിടുത്തെ ഭരണാധിക്കാരി വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച ഏക പ്രധാനമന്ത്രി മോദിയായിരിക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. മറ്റൊരു രാജ്യത്തിന്‍റെ തിരഞ്ഞെടുപ്പില്‍ ഇടപെടാതിരിക്കുകയെന്ന വിദേശ നയമാണ് പ്രധാനമന്ത്രി ലംഘിച്ചതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രചാരകന്‍ അല്ലെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടോ ഡെമോക്രാറ്റുകളോടോ പക്ഷംപിടിക്കാത്ത നയമാണ് ഇതുവരെ ഇന്ത്യ എടുത്തിരുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.



Sharing is Caring