മുസ്ലിം വിരുദ്ധ വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത സംഭവത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാപ്പുപറഞ്ഞു. ബ്രിട്ടീഷ് മുസ്ലിം വിരുദ്ധ തീവ്ര വലതു സംഘടന ട്വീറ്റ് ചെയ്ത വീഡിയോകളാണ് ട്രംപ് റീട്വീറ്റ് ചെയ്തിരുന്നത്.
സംഭവം വിവാദമായിരുന്നുവെങ്കിലും പിന്‍വലിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. എന്നാല്‍, ബ്രിട്ടീഷ് ചാനലായ ഐ.ടി.വിക്കു നല്കിയ അഭിമുഖത്തിലാണ് സംഭവത്തില്‍ മാപ്പു ചോദിക്കുന്നതായി ട്രംപ് വ്യക്തമാക്കിയത്.

”എനിക്ക് ഇത്തരം ആളുകളുമായി ഇടപെടേണ്ട ആവശ്യമില്ല. അവര്‍ കഠിന വംശീയവാദികളാണെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍, ഞാന്‍ മാപ്പു പറയുന്നു”- ട്രംപ് പറഞ്ഞു. അതിനുള്ളില്‍ എന്താണുള്ളതെന്ന് തനിക്ക് പൂര്‍ണമായും അറിയില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
മറ്റു വിഭാഗങ്ങളെ മുസ്ലിംകള് ആക്രമിക്കുന്നുവെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള മൂന്ന് വീഡിയോകളാണ് ട്രംപ് ഷെയര്‍ ചെയ്തിരുന്നത്. 48 മില്യണ്‍ ഫോളോവര്‍മാരുള്ള ട്രംപിന്റെ ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു. വാഷിങ്ടണിലെ ബ്രിട്ടീഷ് അംബാസഡര്‍ വൈറ്റ് ഹൗസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.













