ട്രംപിനെ ഹിറ്റ്‌ലറോട് ഉപമിച്ച് ഉത്തര കൊറിയ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജര്‍മനിയുടെ നാസി പാര്‍ട്ടി നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലറോട് ഉപമിച്ച് ഉത്തര കൊറിയ. ട്രംപിന്റെ പല പദ്ധതികളും 20ാം നൂറ്റാണ്ടിലെ നാസി പ്രസ്ഥാനത്തിന്‍േറതിന് സമാനമാണെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

ഉത്തര കൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയുടെ എഡിറ്റോറിയലിലാണ് അമേരിക്കന്‍ പ്രസിഡന്റിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

‘ഹിറ്റ്‌ലര്‍ ആളുകളെ വിഭജിച്ചിരുന്നത് സുഹൃത്തുക്കളും ശത്രുക്കളുമെന്നായിരുന്നു. ഹിറ്റ്‌ലറുടെ സിദ്ധാന്തങ്ങള്‍പോലെ ട്രംപും ജനങ്ങളെ രണ്ടായി വിഭജിക്കുകയാണ്. ‘അമേരിക്ക ആദ്യ’മെന്ന മുദ്രാവാക്യമാണ് അമേരിക്കന്‍ പ്രസിഡന്റ്, തെരഞ്ഞെടുപ്പുകാലം തൊട്ടെ വിളംബരം ചെയ്യുന്നത്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നുമാത്രമാണ്’ -ന്യൂസ് ഏജന്‍സി എഡിറ്റോറിയല്‍ പറയുന്നു.

ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് അമേരിക്കയും വടക്കന്‍ കൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. അന്താരാഷ്ട്ര സംഘടനകളുടെ താക്കീതുകള്‍ അവഗണിച്ച് വീണ്ടും മുന്നോട്ടുപോയതോടെ ഉത്തര കൊറിയക്കെതിരെ ശക്തമായ ഉപരോധത്തിന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

ട്രംപിനെതിരെ നേരത്തെയും ഉത്തര കൊറിയ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ‘ഭ്രാന്തന്‍’ എന്നു കഴിഞ്ഞദിവസം വിശേഷിപ്പിച്ചതിനു പിന്നാലെയാണു പുതിയ പ്രയോഗം. ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ യുഎസ് സന്ദര്‍ശിക്കുന്നതിനു തൊട്ടുമുന്‍പാണ് ഉത്തരകൊറിയന്‍ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *