ട്യൂഷന്‍ ഫീസ് അടച്ചില്ല; അഞ്ചാം ക്ലാസുകാരിക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതായി പരാതി

അഞ്ചാം ക്ലാസുകാരിക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതായി പരാതി. ട്യൂഷന്‍ ഫീ അടച്ചില്ലെന്ന് കാണിച്ചാണ് വിദ്യാര്‍ഥിക്ക് ക്ലാസ് നിഷേധിച്ചത്. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ബവീഷ് കുമാര്‍ വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും പരാതി നല്‍കി. കൊയിലാണ്ടി ഭാരതീയ വിദ്യാഭവന്‍ സ്കൂളിനെതിരെയാണ് പരാതി.

തിങ്കളാഴ്ച മുതല്‍ സ്കൂളിലെ പ്രത്യേക ആപ് വഴി കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ബവീഷിന്‍റെ മകള്‍ ക്ഷേഖയ്ക്ക് ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ മാര്‍ച്ച് മാസത്തെ ട്യൂഷന്‍ ഫീസ് അടച്ചില്ലെന്നും അതിനാല്‍ കുട്ടിയെ നാലാംക്ലാസ്സില്‍ നിന്ന് അഞ്ചാംക്ലാസ്സിലേക്ക് വിജയിപ്പിച്ചില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് ബവീഷ് പറയുന്നു.

എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കുന്നതായുള്ള ഉത്തരവ് നിലനിൽക്കെ ആണ് സ്കൂൾ ഭാഗത്ത് നിന്നുള്ള തെറ്റായ നടപടിയെന്നും ബവീഷ് പറയുന്നു. ഇതുവരെ സ്കൂളിലെ അധ്യാപകരാരും വിളിച്ചില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. എന്നാൽ ഫീസടയ്ക്കാത്തതിന്‍റെ പേരിൽ ആർക്കും ഓൺലൈൻ ക്ലാസ് നിഷേധിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *