ടോംസ് കോളേജിന്റെ അഫിലിയേഷന്‍ പുതുക്കില്ല


കോട്ടയം പാമ്പാടിയിലെ മറ്റക്കര ടോംസ് കോളേജിനെതിരേ കടുത്ത നടപടി. അടുത്ത വര്‍ഷം മുതല്‍ കോളേജിന്റെ അഫിലിയേഷന്‍ പുതുക്കേണ്ടതില്ലെന്ന് സാങ്കേതിക സര്‍വകലാശാല എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.


ടോംസ് കോളേജിലെ വിദ്യാര്‍ത്ഥി പീഡനത്തെപ്പറ്റി അന്വേഷണം നടത്തിയ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ വി.സി. പത്മകുമാറും കണ്‍ട്രോളര്‍ ഒാഫ് എക്‌സാമിനേഷന്‍ എസ്. ഷാബുവും അംഗങ്ങളായുള്ള സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍വകലാശാലയുടെ നടപടി. കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു. നിലവിലെ വിദ്യാര്‍ത്ഥികളുടെ കാര്യം എഐസിടിഇയുമായി ആലോചിച്ചു തീരുമാനിക്കാനും തീരുമാനിച്ചു. ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാമെന്നും കോളേജ് മാറണമെന്നു താത്പര്യമുള്ളവര്‍ക്ക് സാങ്കേതിക സര്‍വകലാശാല വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.


എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 10 ഏക്കര്‍ സ്ഥലമുണ്ടെന്ന് കാണിച്ചാണ് കോളേജ് അംഗീകാരം നേടിയത്. ഇത് തെറ്റാണെന്ന് കണ്ടെത്തി. ആദ്യഘട്ട തെളിവെടുപ്പിനുശേഷം കോളേജിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ട തെളിവെടുപ്പു നടത്താന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചത്.



Sharing is Caring