ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു


22 തവണ ഗ്രാൻഡ്സ്ലാം കിരീടമണിഞ്ഞ കളിമണ്‍ കോർട്ടിലെ രാജാവ്, ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരത്തില്‍ പങ്കെടുക്കും.


വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് ഞാൻ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ‘ഇത് കുറച്ച്‌ ബുദ്ധിമുട്ടുള്ള വർഷങ്ങളാണെന്നതാണ് യാഥാർത്ഥ്യം, കഴിഞ്ഞ രണ്ട് വർഷം പ്രത്യേകിച്ച്‌’ നഡാല്‍ സന്ദേശത്തില്‍ പറഞ്ഞു.


ഇടുപ്പിന് പരിക്കേറ്റതിനെത്തുടർന്ന് 2023-സീസണ്‍ ഭൂരിഭാഗവും നഡാലിന് നഷ്ടമായിരുന്നു. പരിക്കുകള്‍ക്കിടെ 2024 തന്റെ അവസാന സീസണായിരിക്കുമെന്ന് നഡാല്‍ മുമ്ബ് സൂചിപ്പിച്ചിരുന്നു. പ്രധാന എതിരാളിയായ നൊവാക് ജോക്കോവിച്ചിന് പിന്നില്‍, എക്കാലത്തെയും ഏറ്റവും മികച്ച പുരുഷ സിംഗിള്‍സ് കളിക്കാരനായിട്ടാണ് നദാല്‍ കരിയറിനോട് വിടപറയുന്നത്.

കളിമണ്‍ കോർട്ടിലെ രാജാവ് എന്ന് വിളിക്കപ്പെടുന്ന നഡാല്‍ 14 തവണ ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടം നേടിയിട്ടുണ്ട്. നാലു തവണ യുഎസ് ഓപ്പണ്‍ ചാമ്ബ്യനായിട്ടുണ്ട്. രണ്ട് തവണ വീതം ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടവും വിംബിള്‍ഡണും കരസ്ഥമാക്കി.

ഒളിമ്ബിക് സിംഗിള്‍സും ഡബിള്‍സ് സ്വർണവും നേടിയ അദ്ദേഹം സ്പെയിനിനെ അഞ്ച് ഡേവിസ് കപ്പ് കിരീടങ്ങള്‍ നേടാൻ സഹായിച്ചിട്ടുണ്ട്.



Sharing is Caring