ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ കര്‍മാപയെ ഇന്ത്യ തിരികെ വിളിച്ചു

ന്യൂഡല്‍ഹി: ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ കര്‍മാപയെ തിരികെ വിളിച്ച് ഇന്ത്യ. ബുദ്ധമത വിശ്വാസികളുടെ ആചാര്യന്മാരിലൊരാളായ 17-ാമത് കര്‍മാപയോടാണ് ഇന്ത്യ തിരികെയെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ അദ്ദേഹം യുഎസ്സിലാണ്. തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന ആവശ്യം ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് വിവരം.

ഗ്യെന്‍ ട്രിന്‍ലി ഡോജെ കര്‍മാപ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 2000ല്‍ നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയതാണ് ഇദ്ദേഹം. ടിബറ്റന്‍ പാത പിന്തുടരുന്ന സിക്കിമിലെ ബുദ്ധമത വിശ്വാസികള്‍ ഇദ്ദേഹത്തെ 17-മത് കര്‍മാപയായി അംഗീകരിച്ചിരുന്നു. 14-ാമത്തെ വയസിലാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ഹിമാചലിലെ ടിബറ്റന്‍ പ്രവാസി സര്‍ക്കാരിന്റെ കേന്ദ്രമായ ധര്‍മശാലയിലെത്തി. എന്നാല്‍ നിലവിലെ ദലൈലാമയില്‍ നിന്ന് വിശ്വാസികളെ അകറ്റാനായി ചൈന അയച്ചതാണെന്ന സംശയത്തെ തുടര്‍ന്ന് കര്‍മാപയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയും സിക്കിമിലെ റുംസ്‌ടെക് മൊണാസ്ട്രി സന്ദര്‍ശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

കര്‍മാപയ്ക്ക് ഇന്ത്യയ്ക്കകത്തും പുറത്തും യാത്രകള്‍ നടത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുമുണ്ട്. എന്നാല്‍ വിദേശയാത്രകള്‍ക്ക് ഇദ്ദേഹം കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കുന്നത്. ഇന്ത്യയുടെ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് സംശയം. എന്നാല്‍ ഇന്ത്യ അഭയാര്‍ഥികള്‍ക്ക് നല്‍കുന്ന റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് പലരാജ്യങ്ങളും അംഗീകരിക്കാത്തതുകൊണ്ടാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നതെന്നാണ് കര്‍മാപ പറയുന്നത്. ഇന്ത്യന്‍ ഏജന്‍സികള്‍ പാസ്‌പോര്‍ട്ട് ഒരു സുരക്ഷാപ്രശ്‌നമായാണ് കണക്കാക്കുന്നത്.

നവംബറില്‍ ധര്‍മശാലയില്‍ നടക്കുന്ന ബുദ്ധമത വിഭാഗങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഡല്‍ഹിയില്‍ സ്വന്തമായ മൊണാസ്ട്രി സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കര്‍മാപ ഇത് സ്വീകരിച്ചിട്ടില്ല. 17-ാമത് കര്‍മാപയായി അവകാശവാദം ഉന്നയിച്ചുവെങ്കിലും ഇക്കാര്യം ഇതുവരെ കേന്ദ്രം അംഗീകരിച്ചിട്ടില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *