‘ഞങ്ങടെ സിസ്റ്റർക്ക് നീതി കിട്ടുംവരെ പോരാടും’, പണത്തിന്റെയും സ്വാധീനത്തിന്റെയും വിധി: സിസ്റ്റർ അനുപമ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന (Nun rape case) ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ ജുഡീഷ്യറിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ഇരായായ കന്യാസ്ത്രീക്ക് വേണ്ടി പോരാടിയ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. ഞങ്ങടെ സിസ്റ്റർക്ക് നീതി കിട്ടുവരെ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും സിസ്റ്റർ അനുപമ അടക്കമുള്ളവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരക്ക് വേണ്ടി പോരാടിയ സിസ്റ്റർ അനുപമയടക്കമുള്ള കന്യാസ്ത്രീകൾ വിതുമ്പിക്കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ ഇന്നത്തെ കോടതി വിധിയിൽ വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു.

‘പണത്തിന്റെ സ്വാധീനത്തിന്റെയും ഫലമാണ് വിധി. പണവും സ്വാധീനവുമുള്ളവർക്ക് എല്ലാം നടക്കുമെന്നതാണ് വിധിയിൽ നിന്ന് മനസിലാകുന്നത്. ഫ്രാങ്കോ മുളക്കലിന് പണവും സ്വാധീനിക്കാനാളുമുണ്ട്. പൊലീസും പ്രോസിക്യൂഷനും ഞങ്ങൾക്ക് ഒപ്പം നിന്നെങ്കിലും കോടതിയിൽ നിന്നും നീതി ലഭിച്ചില്ല. അന്വേഷണ സംഘത്തിൽ ഇന്നും ഞങ്ങൾക്ക് വിശ്വാസമുണ്ട്. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. കേസിൽ തീർച്ചയായും അപ്പീൽ പോകുമെന്നും മഠത്തിൽ നിന്ന് തന്നെ പോരാട്ടം തുടരും കന്യാസ്ത്രീകൾ ആവർത്തിച്ചു. സഭക്കുള്ളിൽ നിന്നും പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ജനപിന്തുണയുണ്ട്. ഇതുവരെ പോരാട്ടത്തിൽ തങ്ങൾക്കൊപ്പം നിന്നവർക്ക് നന്ദിയറിയിച്ച സിസ്റ്റർ അനുപമ വിതുമ്പിക്കൊണ്ടാണ് സംസാരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *