ജെല്ലിക്കെട്ട്: ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അനുമതി നല്‍കും


തമിഴ്‌നാട്ടില്‍ നാളെ ജെല്ലിക്കെട്ട് നടന്നേക്കും. ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സിന് ഇന്ന് രാഷ്ട്രപതി അനുമതി നല്‍കും. നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അതീവ ശ്രദ്ധയോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നത്.


രാഷ്ട്രപതി ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയ ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് സംസ്ഥാന സര്‍ക്കാരിന് കൈമാറും. അടിയന്തിര മന്ത്രിസഭായോഗം ചേര്‍ന്ന് അംഗീകരിക്കുന്ന ഓര്‍ഡിനന്‍സിന്റെ കരടില്‍ വൈകിട്ടോടെ ഗവര്‍ണര്‍ ഒപ്പ് വയ്ക്കും. വൈകിട്ടോടെ മാത്രമേ ഓര്‍ഡിനന്‍സ് പുറത്തിറങ്ങൂ. എതിര്‍പ്പുമായി ആരെങ്കിലും കോടതിയില്‍ പോകുമോയെന്ന ഭയമുള്ളതിനാലാണ് ഓര്‍ഡിനന്‍സ് വൈകിട്ടോടെ പുറത്തിറക്കുന്നത്.


ഓര്‍ഡിനന്‍സ് പുറത്തിറങ്ങുന്നതോടെ ജെല്ലിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍‌വം ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ എത്തിയേക്കും. തമിഴ്‌ജനതയുടെ വികാരം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.



Sharing is Caring