ജീവനു ഭീഷണിയായാല്‍ ആജീവനാന്തം വിലക്ക്, കയ്യേറ്റത്തിന് ആറുമാസം; വിമാന യാത്ര പെരുമാറ്റ ചട്ടം പ്രഖ്യാപിച്ചു


വിമാന യാത്രാ വിലക്കുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പെരുമാറ്റ ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. മൂന്നായി തിരിച്ചാണ് യാത്രക്കാര്‍ക്ക് വ്യോമായന മന്ത്രാലയം ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷ നടപടികളില്‍ വീഴ്ച്ച വരുത്താനാകില്ലെന്നും യാത്രക്കാര്‍ക്കുള്ള ചട്ടങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.


വാക്കുകള്‍ ഉപയോഗിച്ച് മോശമായി പെരുമാറുന്നവര്‍ക്ക് മൂന്നുമാസം വിലക്കും, ശാരീരികമായ ആക്രമങ്ങള്‍ക്ക് ആറുമാസത്തെ വിലക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്. ജീവന് ഭീഷണിയാകുന്ന തരത്തില്‍ പെരുമാറുന്ന യാത്രക്കാര്‍ക്ക് രണ്ട് വര്‍ഷമോ ആജീവനാന്ത കാലമോ വിലക്ക് ഏര്‍പ്പെടുത്തുമെന്നും പെരുമാറ്റ ചട്ടത്തില്‍ വ്യക്തമാക്കുന്നു. സുരക്ഷയുടെ പേരില്‍ വിമാന വിലക്ക് ചട്ടങ്ങളേര്‍പ്പെടുത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് വ്യോമായന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.


എയര്‍ ഇന്ത്യ ജീവനക്കാരനോട് ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ വിഷയത്തിന് പരിഹാരമുണ്ടാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ടാക്കുമെന്ന് വ്യോമായന മന്ത്രാലയം പറഞ്ഞിരുന്നു.



Sharing is Caring