ജര്‍മനി ജയിച്ചു, ഇംഗ്ലണ്ട് കുരുങ്ങി


ലോകകപ്പ് ഫുട്‌ബോള്‍ യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ ലോക ചാമ്പ്യന്‍ ജര്‍മനി ജയം കണ്ടപ്പോള്‍, മുന്‍ ചാമ്പ്യന്‍ ഇംഗ്ലണ്ടിന് സമനില. ഉത്തര അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി ജര്‍മനി. ഇംഗ്ലണ്ടിനെ സ്ലൊവേന്യ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. പോളണ്ട്, നോര്‍വെ ടീമുകള്‍ ജയം നുകര്‍ന്നപ്പോള്‍, ഡെന്‍മാര്‍ക്കിന് തോല്‍വി. മോണ്ടെനെഗ്രൊയാണ് ഡെന്‍മാര്‍ക്കിനെ ഞെട്ടിച്ചത് (1-0).


ഗ്രൂപ്പ് സിയില്‍ ആദ്യ പകുതിയില്‍ നേടിയ രണ്ടു ഗോളില്‍ ജര്‍മന്‍ പടയുടെ ജയം. 13ാം മിനിറ്റില്‍ ജൂലിയന്‍ ഡ്രാക്‌സലറും, നാലു മിനിറ്റിനു ശേഷം സാമി ഖെദീരയുമാണ് ജര്‍മനിക്കായി സ്‌കോര്‍ ചെയ്തത്. മറ്റൊരു കളിയില്‍ നോര്‍വെ ഒന്നിനെതിരെ നാലു ഗോളിന് സാന്‍ മരീനൊയെ തകര്‍ത്തു. ഡേവിഡ് സിമോസിനിയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ നോര്‍വെയ്ക്കായി അദ്മ ഡയമണ്ട്, മാര്‍ട്ടിന്‍ സാമുവെല്‍സെന്‍, ജോഷ്വ കിങ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. മാറ്റിയ സ്റ്റെഫാനെലി സാന്‍ മരീനൊയുടെ ആശ്വാസം. ചെക്ക് റിപ്പബ്ലിക്കും അസര്‍ബെയ്ജാനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.


മൂന്നാം ജയത്തോടെ ഒമ്പത് പോയിന്റുമായി ജര്‍മനി ഗ്രൂപ്പില്‍ മുന്നില്‍. അസര്‍ബെയ്ജാന്‍ (ഏഴ്), വടക്കന്‍ അയര്‍ലന്‍ഡ് (നാല്) ടീമുകള്‍ തുടര്‍സ്ഥാനങ്ങളില്‍.നായകന്‍ വെയ്ന്‍ റൂണിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന മത്സരത്തിലാണ് ഇംഗ്ലണ്ട് കുരുങ്ങിയത്. 73ാം മിനിറ്റില്‍ അലിക്കു പകരം റൂണിയെത്തിയെങ്കിലും ഫലത്തില്‍ മാറ്റമുണ്ടാക്കാനായില്ല. ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിന്റെ തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകള്‍ ഇംഗ്ലണ്ടിനെ തോല്‍വിയില്‍ നിന്നു രക്ഷിച്ചു. ആദ്യ രണ്ടു കളികളും ഇംഗ്ലണ്ട് ജയിച്ചിരുന്നു.



Sharing is Caring