ജമ്മു കശ്‌മീരിലെ ബുദ്ഗാമില്‍ നടന്ന പലസ്‌തീൻ അനുകൂല റാലിയില്‍ കേസെടുത്ത് പോലീസ്. ബുദ്ഗാം ജില്ലയില്‍ നടന്ന റാലിയില്‍ ആക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ക്രമസമാധാന നില തകർക്കുവാൻ ശ്രമിച്ചു എന്നാരോപിച്ചാണ് പരിപാടിയുടെ സംഘാടകർക്കും അതില്‍ പങ്കെടുത്തവർക്കുമെതിരെ കേസ് റജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ബീർവയിലെ സോൻപ ഗ്രാമത്തില്‍ നടന്ന യൂം-ഇ-കുദ്‌സ് ഘോഷയാത്രയുടെ സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെയാണ് കേസ് എഎടുത്തതെന്ന് പോലീസ് വക്താവ് അറിയിച്ചു.ഖുദ്‌സ് ദിനം അല്ലെങ്കില്‍ അന്താരാഷ്ട്ര ഖുദ്‌സ് ദിനം എന്നും അറിയപ്പെടുന്ന യൂം-ഇ-ഖുദ്‌സ്, ഇസ്ലാമിക പുണ്യമാസമായ റംസാനിലെ അവസാന വെള്ളിയാഴ്‌ച ആചരിക്കുന്ന ഒരു വാർഷിക പരിപാടിയാണ്.

സ്വതന്ത്ര പലസ്‌തീൻ എന്ന ലക്ഷ്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി പലസ്‌തീൻ അനുകൂല പ്രകടനങ്ങള്‍ നടത്തിയതോടെ ഇത് വാർത്തകളില്‍ ഇടം നേടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
സോൻപ ഗ്രാമത്തില്‍ നടന്ന ഘോഷയാത്രയില്‍, സംഘാടകരുടെ നിർദ്ദേശപ്രകാരം ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടുകയും അവർ ആക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നുമാണ് ആക്ഷേപം. ഇത് മേഖലയിലെ ക്രമസമാധാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായെന്നാണ് പോലീസ് വക്താവ് ചൂണ്ടിക്കാട്ടിയത്.
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുകൊണ്ട് സംഘാടകർ ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിക്കാൻ ശ്രമിക്കുക മാത്രമല്ല സോൻപ-ബീർവ റോഡ് തടസപ്പെടുത്തി പൊതുജനങ്ങള്‍ക്ക് തടസമുണ്ടാക്കിയെന്നും പോലീസ് വക്താവ് കൂട്ടിച്ചേർത്തു. ഭാരതീയ ന്യായ സംഹിതയിലെ 126(2), 189(6) വകുപ്പുകള്‍ പ്രകാരമാണ് പരിപാടിയുടെ സംഘാടകർക്ക് എതിരെ കേസെടുത്തത്.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇതില്‍ ഉള്‍പ്പെട്ടവർക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അതിനിടെ മേഖലയിലെ സമാധാനം നിലനിർത്താനും പൊതുക്രമത്തിന് ഭംഗം വരുത്തുന്ന പ്രവർത്തനങ്ങള്‍ ഒഴിവാക്കാനും പോലീസ് പൗരന്മാരോട് അഭ്യർത്ഥിച്ചു.













