ജമൈക്കയ്ക്ക് ആശ്വാസം

ഉസൈന്‍ ബോള്‍ട്ടും എലേന തോംസണും നിരാശപ്പെടുത്തിയ ട്രാക്കില്‍ ജമൈക്കയ്ക്ക് ആശ്വാസമായി ഒമര്‍ മക്ലിയോഡ്. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി ഒമര്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജമൈക്കയ്ക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചു.

വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ വെനസ്വേലയുടെ യുലിമര്‍ റോജസ്, 1,500 മീറ്ററില്‍ കെനിയയുടെ ഫെയ്ത്ത് ചെപ്‌ഗെറ്റിസ് കിപ്‌ജ്യോന്‍, ഹാമര്‍ ത്രോയില്‍ പോളണ്ടിന്റെ അനിറ്റ വ്‌ളോദര്‍സിക്ക് എന്നിവരും നാലാം ദിവസത്തെ മറ്റു സുവര്‍ണതാരങ്ങള്‍.

110 മീറ്റര്‍ ഹര്‍ഡില്‍സ് 13.04 സെക്കന്‍ഡിലാണ് ഒമര്‍ പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷന്റെ ബാനറില്‍ മത്സരിച്ച റഷ്യന്‍ താരം സെര്‍ജി ഷുബെന്‍കോവിന് വെള്ളി (13.14 സെക്കന്‍ഡ്). റഷ്യയ്ക്ക് വിലക്കുള്ളതിനാല്‍ റഷ്യന്‍ താരങ്ങള്‍ അസോസിയേഷന്‍ ബാനറിലാണ് മത്സരിക്കുന്നത്. ഹംഗറിയുടെ ബാലസ് ബാജിക്ക് വെങ്കലം (13.28 സെക്കന്‍ഡ്).

വനിതാ ട്രിപ്പിള്‍ ജംപില്‍ 14.91 മീറ്റര്‍ ദൂരം ചാടിയാണ് റോജസ് സ്വര്‍ണം ഉറപ്പിച്ചത്. കൊളംബിയയുടെ കാതറിന്‍ ഇബര്‍ജ്യോന് വെള്ളി (14.89 മീറ്റര്‍). കസാക്കിസ്ഥാന്റെ ഓള്‍ഗ റിപകോവ വെങ്കലം നേടി (14.77 മീറ്റര്‍).

ദക്ഷിണാഫ്രിക്കയുടെ വിവാദ താരം കാസ്റ്റര്‍ സെമന്യയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് കിപ്‌ജ്യോന്‍ 1,500 മീറ്ററില്‍ സ്വര്‍ണത്തിലേക്ക് കുതിച്ചത്, സമയം നാല് മിനിറ്റ് 2.59 സെക്കന്‍ഡ്. യുഎസിന്റെ ജെന്നിഫര്‍ സിംപ്‌സണ് വെള്ളി (4:02.76).

സെമന്യ 4:02.90 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. 77.90 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പായിച്ചാണ് അനിറ്റ സ്വര്‍ണം സ്വന്തമാക്കിയത്. ചൈനയുടെ ഷെഹ് വാങ് വെള്ളിയും (75.98 മീറ്റര്‍), പോളണ്ടിന്റെ മാല്‍വിന കൊപ്രോണ്‍ (74.76 മീറ്റര്‍) വെങ്കലവും നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *