ജനവിശ്വാസത്തിന്റെ മനസിനെ മുറിവേല്‍പ്പിച്ചാണ് യുവതികള്‍ ദര്‍ശനം നടത്തിയതെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: ഒരു വലിയ ജനവിശ്വാസത്തിന്റെ മനസിനെ മുറിവേല്‍പ്പിച്ചാണ് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന സംഭവം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചതെന്ന് കെ. സുധാകരന്‍. ക്ഷേത്ര ആചാരങ്ങളോട് മുഖ്യമന്ത്രി സ്വീകരിക്കുന്ന തെറ്റായ സമീപനം ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ലെന്നും നവോത്ഥാനത്തിന്റെ എ.ബി.സി.ഡി കേരളത്തിലെ മുഖ്യമന്ത്രിക്കറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

അചാരലംഘനം നടന്നോ എന്ന ചോദ്യത്തിന്, സന്നിധാനത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച ശേഷം മാറ്റുകാര്യങ്ങള്‍ പറയാമെന്ന് സുധാകരന്‍ വ്യക്തമാക്കി. നീചവും നികൃഷ്ടവുമായ സമീപനമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്നിധാനത്തെത്തി ദര്‍ശനം നടത്തുന്നതിന് ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സംരക്ഷണം നല്‍കിയെന്നും ഇത്തവണ തടസങ്ങളൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച്‌ പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്.

ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *