ജനകീയ ഭക്ഷണശാലയിലൂടെ സൗജന്യ ഭക്ഷണവുമായി സ്‌നേഹജാലകം പാലിയേറ്റീവ് കെയര്‍

ആലപ്പുഴ: കൈയില്‍ പണമില്ലാതെ പട്ടിണി കിടക്കുന്നവര്‍ക്ക് ആശ്വാസമായി ഭക്ഷണശാല ഒരുക്കിയിരിക്കുകയാണ ്‌സ്‌നേഹജാലകം പാലിയേറ്റീവ് കെയര്‍. ആലപ്പുഴ പാതിരപ്പള്ളിയിലെ സ്‌നേഹജാലകം പാലിയേറ്റീവ് കെയറിന്റെ ജനകീയ ഭക്ഷണ ശാലയിലാണ് എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്നത്. ബില്ലും ക്യാഷ് കൗണ്ടറുമില്ലാത്ത ഭക്ഷണശാലയില്‍ വിശപ്പടക്കാന്‍ വരുന്നവര്‍ക്ക് ഹോട്ടലില്‍ സൂക്ഷിച്ചിരിക്കുന്ന പണപ്പെട്ടിയില്‍ ഇഷ്ടമുള്ള തുക നിക്ഷേപിക്കാം.

എല്ലാവരും ഉച്ചയ്ക്ക് ഒരുമിച്ചിരുന്ന് ഊണ് കഴിച്ചാണ് ക്യാഷ് കൗണ്ടറില്ലാത്ത ആലപ്പുഴ പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാല ഉദ്ഘാടനം ചെയ്തത്. കഴുത്തറുപ്പന്‍ ജിഎസ്ടിയില്ലാത്ത, വിലകേട്ട് വിശപ്പ് കെടാത്ത ജനകീയ ഭക്ഷണശാലയില്‍ ക്യാഷ് കൗണ്ടറിന് പകരം ദുരിതമനുഭവിക്കുന്നവരുടെ സ്വാന്തനത്തിനായുള്ള ചെറിയൊരു പെട്ടി മാത്രം. ഭക്ഷണം കഴിച്ച ശേഷം മനസിന്റെ വലുപ്പമനുസരിച്ച് ഈ പെട്ടിയില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് നിക്ഷേപിക്കാം. പണം ഇട്ടില്ലെങ്കിലും വയറുനിറയെ ഭക്ഷണം കഴിച്ച് സംതൃപ്തിയോടെ മടങ്ങാം.

ആലപ്പുഴ ദേശീയപാതയോരത്തെ പാതിരപ്പള്ളിയിലാണ് സ്‌നേഹജാലകം പാലിയേറ്റീവ് കെയറിന്റെ ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കാണ് പദ്ധതിയുടെ മേല്‍നോട്ടം നടത്തുന്നത്.
രണ്ട് നിലകളിലായാണ് ഭക്ഷണശാലയുടെ പ്രവര്‍ത്തനം. രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്ന സ്റ്റീം കിച്ചണാണ് താഴത്തെ നിലയില്‍. മുകളിലാണ് ഭക്ഷണം കഴിക്കാനുള്ള ഇടം. ഭക്ഷണ ശാലയിലേക്ക് ആവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യുന്നതും ഇവര്‍ തന്നെയാണ്.

ഒരുവര്‍ഷം മുന്നേ വിശപ്പുരഹിത മാരാരിക്കുളം പദ്ധതിക്ക് തുടക്കമിട്ട് വിജയകരമാക്കിയ സിപിഐഎം പ്രവര്‍ത്തകര്‍ തന്നെയാണ് സ്‌നേഹജാലകത്തിന് പിന്നിലും. കൈയില്‍ പണമില്ലെന്ന് കരുതി ആരും പട്ടിണി കിടക്കുന്നവരുടെ വിശപ്പകറ്റുക എന്ന ഒറ്റ ലക്ഷ്യമാണ് ഇതിന് പിന്നില്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *